Idukki

സഞ്ചാരികള്‍ ഒഴുകിത്തുടങ്ങി; ഇടുക്കി ഉണര്‍ന്നു

തൊടുപുഴ: മഴമാറി ആകാശം തെളിഞ്ഞതോടെ ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കാന്‍ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ സന്ദര്‍ശകരുടെ വരവു തുടങ്ങി.കോവിഡിനുശേഷം വരുന്ന ആദ്യക്രിസ്‌മസ്‌, പുതുവത്സര വേളകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി). സ്‌കൂള്‍ അവധി ദിനങ്ങള്‍കൂടി ആരംഭിക്കുന്നതോടെ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക്‌ വര്‍ധിക്കും. ഇക്കുറി കേരളത്തിന്‌ പുറത്ത്‌ നിന്നുള്ള ആഭ്യന്തര സഞ്ചാരികളും വിദേശസഞ്ചാരികളും കൂടുതലായി എത്തുമെന്നാണ്‌ പ്രതീക്ഷ. മൂന്നാര്‍, തേക്കടി, വാഗമണ്‍ എന്നീ പ്രധാന കേന്ദ്രങ്ങളില്‍ ദിവസങ്ങള്‍ക്ക്‌ മുമ്ബുതന്നെ ഭൂരിഭാഗം ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും ടൂറിസ്‌റ്റ്‌ ഹോമുകളിലും ബുക്കിങ്‌ പൂര്‍ത്തിയായി.ഇവിടങ്ങളില്‍ ജനുവരി ഏഴുവരെ മുറികള്‍ കിട്ടാനില്ലാത്ത അവസ്‌ഥയാണ്‌.

മുറിവാടകയില്‍ പത്തുമുതല്‍ 15 ശതമാനംവരെ വര്‍ധനവും ഉണ്ടായിട്ടുണ്ട്‌. മാട്ടുപ്പെട്ടി, മൂന്നാര്‍, വാഗമണ്‍, തേക്കടി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശകരുടെ തിരക്ക്‌ തുടങ്ങിയിട്ടുണ്ട്‌. തേക്കടിയിലും മാട്ടുപ്പെട്ടിയിലും ബോട്ടിങിനും സഞ്ചാരികളുടെ തിരക്ക്‌ അനുഭവപ്പെടു ന്നുണ്ട്‌. ഗുജറാത്ത്‌, ഡല്‍ഹി, മഹാരാഷ്‌ട്ര എന്നിവടങ്ങളില്‍നിന്ന്‌ നരിവധി സഞ്ചാരികള്‍ എത്തുന്നുണ്ട്‌. തണുപ്പും മഞ്ഞുമാണ്‌ ഇപ്പോള്‍ മൂന്നാറിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. ആഡംബര ഹോട്ടലുകള്‍ സഞ്ചാരികള്‍ക്കായി കലാപരിപാടികളും അത്താഴ വിരുന്നുകളും ഒരുക്കുന്നുണ്ട്‌. ആഘോഷവേളകളുടെ മറവില്‍ ലഹരിപദാര്‍ഥങ്ങളുടെ കടത്തും ഉപയോഗവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത്‌ പോലീസും എക്‌സൈസും പരിശോധന ശക്‌തമാക്കി. സന്ദര്‍ശകരുടെ പൂര്‍ണമായ വിവരങ്ങളും തിരിച്ചറി യില്‍ രേഖകളും സ്വീകരിച്ചുമാത്രമേ മുറികള്‍ അനുവദിക്കാവൂവെന്ന്‌ ഹോട്ടലുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഓണാവധി കാലത്തേതുപോലെ ക്രിസ്‌മസ്‌, പുതുവത്സര വേളയിലും സഞ്ചാരികളുടെ ഒഴുക്ക്‌ വര്‍ധിക്കുമെന്നും ഇത്‌ നേട്ടമാകുമെന്നുമുള്ള പ്രതീക്ഷയിലാണ്‌ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വ്യാപാരസമൂഹവും അനുബന്ധ തൊഴില്‍ മേഖലകളും.

Related Articles

Back to top button
error: Content is protected !!