വണ്ണപ്പുറത്ത് റോഡ് കുഴിയായിട്ട് മാസങ്ങള്‍: അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍


വണ്ണപ്പുറം: റോഡ് കുഴിയായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ആലപ്പുഴ മധുര സംസ്ഥാന പാതയില്‍ വണ്ണപ്പുറം മാര്‍സ്ലീവ പള്ളിക്ക് സമീപമാണ് ജല വിതരണ വകുപ്പ് പൈപ്പ് നന്നാക്കാനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നു. മാസങ്ങളായി ഇവിടം തകര്‍ന്ന് കിടക്കുകയായിരുന്നു. എന്നാല്‍ ഏതാനം നാളുകള്‍ക്ക് മുന്‍പ് പൈപ്പിന്റ തകരാര്‍ പരിഹരിച്ച് റോഡ് ടൈല്‍സ് പാകിയെങ്കിലും നിര്‍മാണത്തിലെ അപാകത മൂലം ഇവിടം വലിയ കുഴിയായി മാറിയിരിക്കുകയാണ്. റോഡിലെ ടൈല്‍ പാകിയ ഭാഗവും ടാര്‍ ചെയ്ത ഭാഗവും തമ്മില്‍ കോണ്‍ക്രീറ്റ് ചെയ്തത് ചേര്‍ക്കാത്തതാണ് ഇവിടെ കുഴി ഉണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമായതോടെ ഈ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്. വളവിലുള്ള കുഴി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല. അതിനാല്‍ ഈ ഭാഗത്തെത്തുമ്പോള്‍ വേഗത കുറയ്ക്കാന്‍ വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടുകയും തെന്നി മാറി അപകടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. വണ്ണപ്പുറം വഴി ഹൈറേഞ്ചിലേയ്ക്കുള്ള പ്രധാന റോഡിലെ അപകടക്കുഴി ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
