പാഴ് വസ്തുനീക്കം സുസ്ഥിര സംവിധാനത്തിലേയ്ക്ക്.
ജില്ലയിലെ 28 തദ്ദേശഭരണസ്ഥാപനങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു


തൊടുപുഴ : അജൈവ പാഴ് വസ്തുക്കള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി (സികെസി) യുമായി ജില്ലയിലെ 28 തദ്ദേശഭരണസ്ഥാപനങ്ങള്‍ കരാറിലേയ്ക്ക്.ഇത് പ്രകാരം ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള എല്ലാ അജൈവ പാഴ്വസ്തുക്കളും ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയമായി കൈകാര്യം ചെയ്യും. ഹരിതകേരളത്തിന്റെ സമഗ്ര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ക്ലീന്‍ കേരളാ കമ്പനിയുമായി കരാറിലേര്‍പ്പെടണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന് വിളിച്ചുകൂട്ടിയ പ്രവര്‍ത്തനാവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.
മാലിന്യ സംസ്കരണത്തിലെ സുപ്രധാന ചുവടുവെയ്പ്്
സി കെ സിയുമായി കരാര്‍ വെയ്ക്കുന്നത് ഹരിത കേരളത്തിന്റെ സമഗ്ര മാലിന്യ പരിപാലന പദ്ധതിയിലെ നിര്‍ണ്ണായക നടപടിയാണ്. ഒരു പഞ്ചായത്തിലെ മാലിന്യനീക്കത്തിനുള്ള സുസ്ഥിരമായ സംവിധാനമാണ് ഈ കരാറൊരുക്കുന്നതെന്ന് ഹരിതകേരളം മിഷന് ജില്ലാ കോര്ഡിനനേറ്റര് ഡോ. ജി എസ് മധു പറഞ്ഞു.
പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി(എംസിഎഫ്)യില്‍ ശേഖരിച്ചിട്ടുള്ള പാഴ്വസ്തുക്കള് മണക്കാടുള്ള സംഭരണ കേന്ദ്രത്തിലും നെടിയശാലയിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്.ആര് .എഫ്)യിലുമെത്തിച്ച് തരം തിരിച്ച ശേഷമാണ് റീ സൈക്ലിംഗിനും മറ്റുമായി കൈമാറുന്നത്.മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഉടന്‍ സികെസിയുമായി കരാറിലെത്തുമെന്നാണ് കരുതുന്നതെന്നും ഡോ. ജി എസ് മധു പറഞ്ഞു.
പാഴ് വസ്തുക്കള്‍ നീക്കിത്തുടങ്ങിയതായി സി കെ സി
സികെസിയുമായി കരാര്‍ വെച്ച ആലക്കോട്, കാമാക്ഷി, കരുണാപുരം, മരിയാപുരം പഞ്ചായത്തുകളിലെ പാഴ് വസ്തുക്കള്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത് നീക്കിയതായി കമ്പനി അസി. മാനേജര്‍ സുബിന് ബേബി അറിയിച്ചു.
ഏലപ്പാറ, ഇരട്ടയാര്‍,കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം, കാമാക്ഷി,കോടിക്കുളം, കരിമണ്ണൂര്‍, പാമ്പാടുംപാറ, കരുണാപുരം, രാജകുമാരി,മറയൂര്‍ കാന്തല്ലൂര്‍, ശാന്തമ്പാറ,ബൈസണ്‍വാലി,കൊന്നത്തടി, അറക്കുളം,വെള്ളത്തൂവല്‍,രാജാക്കാട്, സേനാപതി,വണ്ണപ്പുറം,ആലക്കോട്,കുടയത്തൂര്‍,വാഴത്തോപ്പ് ഉപ്പുതറ,കാഞ്ചിയാര്‍, അയ്യപ്പന് കോവില്‍ മുട്ടം എന്നീ പഞ്ചായത്തുകളാണ് ക്ലീന്‍ കേരള കമ്പനിയുമായി കരാര്‍ ഒപ്പിട്ടതെന്നും സുബിന് പറഞ്ഞു.
