Idukki

കൃഷിയിടങ്ങള്‍ ഉഴുതുമറിച്ച് കാട്ടുപന്നികള്‍:പൊറുതിമുട്ടി കര്‍ഷകര്‍

തൊടുപുഴ: വിളകളുടെ വിലത്തകര്‍ച്ചയും ഉല്പാദനക്കുറവും ജില്ലയിലെ കാര്‍ഷിക മേഖലയെ തളര്‍ത്തുന്നതിനിടെ കാട്ടുപന്നി ശല്യവും കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു. ജില്ലയിലെ വനമേഖലകളില്‍ കാട്ടുപന്നികള്‍ അനിയന്ത്രിതമായി പെരുകിയിരിക്കുകയാണ്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപന്നികള്‍ കൃഷിയിടം അപ്പാടെ നശിപ്പിക്കുന്നു. കാട്ടുപന്നികള്‍ ഏലത്തട്ടകള്‍ കുത്തിമറിച്ചിട്ടും തന്നാണ്ടുവിളകള്‍ തിന്നും തേരോട്ടം നടത്തുകയാണ്. ഇവയെ നിയന്ത്രിക്കുന്നതിന് യാതൊരു മാര്‍ഗവും കര്‍ഷകര്‍ക്ക് മുന്നിലില്ല. മൃഗവേട്ട തടഞ്ഞുകൊണ്ടുള്ള നിയമം നിലനില്‍ക്കുന്നതാണ് ഇവറ്റകളെ പിടികൂടുന്നതിന് വിലങ്ങുതടിയായിരിക്കുന്നത്.

നിലവില്‍ ഏലം കൃഷിയെ പകലന്തിയോളം പണിയെടുത്ത് സംരക്ഷിച്ചു കൊണ്ടുവരുമ്പോഴാണ് കാട്ടുപന്നികള്‍ കൂട്ടമായി കൃഷിയിടങ്ങള്‍ ഉഴുത് മറിക്കുന്നത്. ഏലച്ചെടിയുടെ തട്ടകള്‍ ചുവടോടെ കുത്തിനശിപ്പിക്കുന്നു. തന്നാണ്ടു വിളകളായ ചേന കാച്ചില്‍ കപ്പ ചേമ്പ് തുടങ്ങിയവയെല്ലാം കാട്ടുപന്നികള്‍ തിന്നു നശിപ്പിക്കുകയാണ്. ഇവയുടെ ശല്യം രൂക്ഷമാകുമ്പോഴും പന്നികളെ പിടികൂടാന്‍ കര്‍ഷകര്‍ മടിക്കുകയാണ്.മൃഗങ്ങളെ വേട്ടയാടിയാല്‍ ഉണ്ടാകുന്ന നിയമക്കുരുക്കാണ് കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്. കാട്ടുമൃഗശല്യംമൂലം കൃഷിനശിച്ച കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി വനംവകുപ്പിനെ സമീപിക്കുന്നുണ്ടെങ്കിലും അവഗണന മാത്രമാണ് ഫലമെന്ന് കര്‍ഷകര്‍ പറയുന്നു. മൃഗങ്ങളുടെ ശല്യംമൂലം കൃഷിനാശം ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരതുക വനംവകുപ്പ് നല്‍കണമെന്നതാണ് നിയമം. എന്നാല്‍ നിയമം നിലവിലുണ്ടെങ്കിലും യാതൊരു ആനുകൂല്യവും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ല. ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അധികൃതര്‍ കര്‍ഷകരെ ഒഴിവാക്കുകയാണ് പതിവ്. കൂടാതെ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ പരുക്കേറ്റവരും അംഗഭംഗം വന്നവരുമായി നിരവധിയാളുകള്‍ ജില്ലയിലുണ്ട്. ഇവരോടും അധികൃതര്‍ മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അതേസമയം കാട്ടുമൃഗശല്യവും ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിലും പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനോ ജനപ്രതിനിധികളും രംഗത്തെത്തുന്നില്ല. കാട്ടുപന്നിശല്യം കാര്‍ഷികമേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമ്പോള്‍ ഇവയെ വേട്ടയാടി നശിപ്പിക്കുവാന്‍ നിയമനിര്‍മ്മാണം ഉണ്ടാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. ഇല്ലെങ്കില്‍ കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍ മറ്റു തൊഴില്‍മേഖല തിരിയേണ്ട അവസ്ഥയാണ് നിലവില്‍.

 

 

 

Related Articles

Back to top button
error: Content is protected !!