ChuttuvattomIdukki

ഇടുക്കിയില്‍ ആശങ്കപ്പെടുത്തുന്ന മഴക്കുറവ്; ലഭിക്കേണ്ടത് 2032.5 മില്ലി മീറ്റര്‍, ലഭിച്ചത് വെറും 780.6 മില്ലിമീറ്റര്‍

തൊടുപുഴ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച് രണ്ടരമാസം പിന്നിടുമ്പോള്‍, ഇടുക്കിയില്‍ ആശങ്കപ്പെടുത്തുന്ന മഴക്കുറവ്. ജൂണ്‍ 1 മുതല്‍ ഞായറാഴ്ച്ച
വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ മഴക്കുറവ് 62 ശതമാനമാണ്. 2032.5 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ലഭിച്ചത് വെറും 780.6 മില്ലിമീറ്റര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കുറവ് ഇടുക്കിയിലാണ്. മഴക്കുറവ് നികത്തുന്ന രീതിയിലുള്ള ശക്തമായ മഴ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. അങ്ങനെയെങ്കില്‍, വരും മാസങ്ങളില്‍ തന്നെ ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകും. ഇത് വൈദ്യുതി ഉല്‍പാദനം, ജലസേചനം, കൃഷി എന്നിവയെ എല്ലാം പ്രതികൂലമായി ബാധിക്കും.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനുശേഷം തുലാ വര്‍ഷക്കാലത്താണ് കേരളത്തില്‍ സാമാന്യം നല്ല മഴ ലഭിക്കുന്നത്. തുലാവര്‍ഷം സാധാരണ നിലയില്‍ ലഭിച്ചാലും ആകെ മഴക്കുറവില്‍ വലിയ മാറ്റമുണ്ടാകില്ല. മഴ മാറി നില്‍ക്കുന്നതോടെ പല മേഖലകളിലും കര്‍ഷകര്‍ ദുരിതത്തിലാണ്. നല്ല തോതില്‍ മഴ ലഭിക്കേണ്ട ഓഗസ്റ്റ് മാസത്തില്‍ തന്നെ കൃഷി നനയ്ക്കാന്‍ പമ്പും മറ്റും അന്വേഷിച്ച് നടക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. മഴക്കുറവ് കൃഷിച്ചെലവ് ഉയരാന്‍ കാരണമാകും. ഓണം ലക്ഷ്യമിട്ടുള്ള പച്ചക്കറി കൃഷിയെയും മഴയുടെ അഭാവം സാരമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. ഇതുമൂലം, വിപണിയിലെത്തുന്ന പ്രാദേശിക പച്ചക്കറികളുടെ അളവ് കുറയും. ഇതോടൊപ്പം വിലയും ഉയരാനാണ് സാധ്യത.

Related Articles

Back to top button
error: Content is protected !!