Kerala

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 16.31 കോടി അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽനിന്നാണ്‌ നൽകുന്നത്‌. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക്‌ പ്രതിമാസം 1000 രുപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌.

എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നു. ഈ നാമമാത്ര സഹായം പിഎം പോഷൺ അഭിയാനിൽനിന്നാണ്‌ ലഭിക്കേണ്ടത്‌. പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ഇതുവരെ 178 കോടി മാത്രമാണ്‌ അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികൾക്ക്‌ ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി രുപ അനുവദിച്ചു. പാചക ചെലവ്‌ ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി രൂപ നൽകിയിരുന്നു.

Related Articles

Back to top button
error: Content is protected !!