Thodupuzha

പ്രഭാത വാർത്തകൾ

 

2022 | ജൂൺ 24 | വെള്ളി | 1197 | മിഥുനം 10 | അശ്വതി

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

 

◼️മഹാരാഷ്ട്രയിലെ എല്ലാ ശിവസേന എംഎല്‍എമാരും 24 മണിക്കൂറിനകം ഹാജരാകണമെന്ന അന്ത്യശാസനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാ വികാസ് അഘാഡി സംഖ്യം വിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും വിമത നേതാവ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. തങ്ങളാണു യഥാര്‍ത്ഥ ശിവസേനയെന്നും ഷിന്‍ഡെ അവകാശപ്പെട്ടു. രണ്ടു പേര്‍കൂടി ഗോഹട്ടിയില്‍ എത്തിയതോടെ വിമതപക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 44 ആയി. ഇതേസമയം, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുന്നുണ്ട്.

 

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ജാമ്യം. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡുചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിനു കാരണം. അറസ്റ്റിലായ കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്.

 

◼️ഡോളര്‍ക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നല്‍കില്ലെന്ന് എറണാകുളം സിജെഎം കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് നല്‍കിയ അപേക്ഷ കോടതി തള്ളി. മൊഴി ഇഡിക്ക് നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തിരുന്നു.

 

◼️സില്‍വര്‍ ലൈന്‍ നിര്‍ത്തി വച്ചിട്ടില്ലെന്നും കല്ലിട്ട സ്ഥലങ്ങളില്‍ സാമൂഹ്യ ആഘാത പഠനം നടക്കുന്നുണ്ടെന്നും കെ റെയില്‍. കല്ലിടാത്ത സ്ഥലങ്ങളില്‍ ജിയോ മാപ് വഴി പഠനം നടത്തുമെന്നും കെ റെയില്‍ വ്യക്തമാക്കി. കെ റെയില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തിലാണ് ഇക്കാര്യം വെളിപെടുത്തിയത്. ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന പേരിലായിരുന്നു സംവാദം. കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി എത്തിയ സംശയങ്ങള്‍ക്ക് കെ റെയില്‍ മറുപടി നല്‍കി.

 

◼️വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജൂലൈ 15 ന് കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

 

◼️പരിസ്ഥിതി ദുര്‍ബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്ത് വയനാട് എംപി രാഹുല്‍ ഗാന്ധി. മലബാറില്‍ നിന്നുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. നിര്‍ദ്ദേശത്തില്‍ ഭേദഗതിക്കു വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

 

◼️കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് മരിച്ച ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ കെഎസ്ഇബി അന്വേഷണം നടത്തുമെന്നും അര്‍ജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി.

 

◼️വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയതിനു വധശ്രമമെന്ന പേരില്‍ കള്ളക്കേസെടുത്ത് ജയിലിലിടാനുള്ള സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ അടിയാണ് പ്രതികള്‍ക്കുള്ള ജാമ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പ്രതികളുടെ നിരപരാധിത്വമാണ് വെളിപെട്ടതെന്നും സുധാകരന്‍.

 

◼️മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികള്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് ഡിസിസി ഓഫീസില്‍നിന്നാണെന്ന് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്കു വിളിച്ചത് ഡിസിസി ഓഫീസില്‍ നിന്നാണ്. ടിക്കറ്റിന്റെ പണം ഇതുവരെ നല്‍കിയിട്ടില്ലെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

 

◼️വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് പ്രതികള്‍ യാത്ര ചെയ്തതെന്നും ജയരാജന്‍ ആരോപിച്ചു.

 

◼️സ്വര്‍ണക്കടത്തിനു ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര തിമിംഗലങ്ങളാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. തന്നെ ഇതിലേക്കു കൊണ്ടുവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അറിയണം. തന്റെ പക്കല്‍ തെളിവുകളുണ്ട്. ഗൂഢാലോചനയില്‍ പിസി ജോര്‍ജ്, സ്വപ്ന, സരിത്, ക്രൈം നന്ദകുമാര്‍ എന്നിവരും ചില രാഷ്ട്രീയക്കാരുമുണ്ട്. ഗൂഢാലോചനയ്ക്കു പിന്നിലെ സൂത്രധാരന്‍ പി.സി ജോര്‍ജ്ജ് അല്ല. നമ്മള്‍ കാണാത്ത വലിയ തിമിംഗലങ്ങളുണ്ടെന്നും സരിത പറഞ്ഞു.

 

◼️അഭയ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫാ തോമസ് എം കോട്ടൂരിന് ജയിലില്‍നിന്നു ഇന്നലെ പുറത്തിറങ്ങാനായില്ല. തോമസ് കോട്ടൂരിന്റെ ജാമ്യക്കാരായ ബന്ധുകള്‍ക്ക് ജാമ്യ വ്യവസ്ഥ പ്രകാരമുള്ള ബോണ്ട് ഇന്‌ലെ എത്തിക്കാനായില്ല. അഭയ കേസില്‍ വിചാരണക്കോടതിയുടെ ജീവപര്യന്തം ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

 

◼️ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുമായി ഈ മാസം 27 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിശ്ചയിച്ചിരുന്ന യോഗം മാറ്റി. കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ അസൗകര്യം അറിയിച്ചതിനാലാണ് യോഗം മാറ്റിവച്ചത്.

 

◼️കരുനാഗപ്പള്ളിയില്‍ വീടിനുള്ളില്‍ ദമ്പതിമാര്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. കല്ലേലിഭാഗം സ്വദേശി സാബു, ഭാര്യ ഷീജ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷീജ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സാബു വീടിനരികില്‍ വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. സാമ്പത്തിക ബാദ്ധ്യതമൂലം വീടു വിറ്റ് ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

 

◼️ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ തുടക്കം. വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നരയ്ക്കു ഘോഷയാത്ര സിഎംഎസ് സ്‌കൂളിനു മുന്നില്‍നിന്ന് ആരംഭിക്കും. . എട്ടു ഗ്രൂപ്പിനങ്ങള്‍ ഉള്‍പ്പെടെ 39 ഇനങ്ങളിലാണ് മല്‍സരങ്ങള്‍. ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ മത്സരിക്കുന്നുണ്ട്. മുഖ്യവേദിയായ തേക്കിന്‍കാട് മൈതാനിയില്‍ രാവിലെ ഒമ്പതിനു ഭരതനാട്യം ആരംഭിക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയവരാണ് സംസ്ഥാനതല കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലും കലാമത്സരങ്ങള്‍ നടക്കും. ഞായറാഴ്ച സമാപിക്കും.

 

◼️ആന്ധ്രയില്‍നിന്നു കടത്തിക്കൊണ്ടുവന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ തിരുവനന്തപുരത്തു പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ആഡംബര കാറുകളിലായി കഞ്ചാവ് എത്തിച്ച പള്ളിച്ചല്‍ വെടിവെച്ചാന്‍കോവില്‍ സ്വദേശി കാവുവിള ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ (33) മലയിന്‍കീഴ് സ്വദേശി സജീവ് (26), തൈക്കാട് രാജാജി നഗര്‍ സ്വദേശി സുബാഷ് (34) എന്നിവരാണ് പിടിയിലായത്.

 

◼️ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. വകുപ്പ് തല പ്രാഥമിക അന്വേഷണത്തില്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

 

◼️ജര്‍മ്മനിയില്‍ മലയാളി വൈദികന്‍ മുങ്ങി മരിച്ചു. ചെറുപുഷ്പ സഭയുടെ ആലുവ സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് അംഗമായ ഫാ. ബിനു കുരീക്കാട്ടില്‍ എന്ന ഡൊമിനികാണ് മരിച്ചത്. 41 വയസായിരുന്നു. റേഗന്‍സ്ബുര്‍ഗില്‍ തടാകത്തില്‍ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

 

◼️ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ നായകനും മലപ്പുറം എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡറുമായ ഐ.എം വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അര്‍ഹാന്‍ങ്കില്‍സ്‌ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് വിജയന് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് ബഹുമതി. ഈ മാസം 11 ന് റഷ്യയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്.

 

◼️തലശേരിയില്‍ മണവാട്ടി ജങ്ഷനിലെ കീവീസ് ഹോട്ടലിന്റെ രണ്ടു നില കെട്ടിടം കത്തി നശിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തീപിടിച്ചത്.

 

◼️അഭിഭാഷക ഓഫീസിലെ ജീവനക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ഷഫീറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷെഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

 

◼️പാചക വാതക സിലിണ്ടറിലെ ചോര്‍ച്ച നന്നാക്കുന്നതിനിടെ തീ ആളിക്കത്തി സ്ത്രീകളടക്കം ആറു പേര്‍ക്കു പൊള്ളലേറ്റു. തൃശ്ശൂര്‍ വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവിലെ മഹേഷ്, മനീഷ്, ശ്രീലത, വള്ളിയമ്മ, പള്ളി തൊട്ടുങ്ങല്‍ റെഹ്‌മത്തലി എന്നിവര്‍ അടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോര്‍ച്ചയുണ്ടായത്.

 

◼️മുതലമടയില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു. ആയുര്‍വേദ നിര്‍മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവര്‍ത്തകനുമായ നെണ്ടന്‍ കിഴായയില്‍ ആറുമുഖന്‍ പത്തിചിറ, കമ്പനിയിലെ ജീവനക്കാരി സുധ, സുധയുടെ ഭര്‍ത്താവ് രാമനാഥന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാമനാഥന്‍ അറുമുഖനേയും സുധയേയും വെട്ടി, രാമനാഥനും വെട്ടേറ്റു. ദമ്പതികളായ സുധയും രാമനാഥനും തമ്മില്‍ അകന്നു കഴിയുകയായിരുന്നു. സുധയ്ക്കൊപ്പം തൊഴിലുടമയായ ആറുമുഖന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് രാമനാഥനെ പ്രകോപിപ്പിച്ചത്.

 

◼️പിടികിട്ടാപ്പുള്ളി ജെറ്റ് സന്തോഷിനെ സാഹസികമായി പോലീസ് പിടികൂടി. റിട്ടയേഡ് എഎസ്ഐയുടെ കൊലപാതകം അടക്കം നിരവധി ക്രമിമിനല്‍ കേസുകളില്‍ പ്രതിയാണ്. പള്ളിത്തുറയിലെ വീട്ടില്‍ പിടികൂടാനെത്തിയെ പോലീസിനെ കബളിപ്പിച്ചു തെങ്ങില്‍ കയറി. പോലീസ് പിരിഞ്ഞുപോകാതായപ്പോള്‍ ഇറങ്ങിവന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. സാഹസികമായാണ് ഇയാളെ പിടികൂടിയതെന്നു പോലീസ്.

 

◼️മാരക മയക്കുമരുന്നുകളുടെ വിതരണക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സുര്യനഗര്‍ കുട്ടമശ്ശേരി കീഴ്മാട് കോതേലിപ്പറമ്പ് വീട്ടില്‍ സുധീഷ് (40) ആണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍, കഞ്ചാവ്, ഹാഷീഷ് ഓയില്‍ എന്നിവയുമായാണ് യുവാവ് പിടിയിലായത്.

 

◼️നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി കരാറുകാരനെ ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലികോയ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

◼️ചാലക്കുടി കോടതി ജംങ്ഷനില്‍ അനധികൃതമായി കടത്തിയ 350 കുപ്പി വിദേശമദ്യം പിടികൂടി. മാഹി സ്വദേശി രാജേഷ് എന്നയാളുടെ വാഹനത്തില്‍നിന്നാണ് മദ്യം കണ്ടെത്തിയത്.

 

◼️തൃശൂര്‍ നാട്ടികയില്‍ പത്തു വയസുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വലപ്പാട് ചാമക്കാല പോണത്ത് നിഖില്‍ എന്ന ചെപ്പുവിനെയാണ് തൃശൂര്‍ ജില്ലാ ജഡ്ജ് ശിക്ഷിച്ചത്. 2010 ല്‍ കേബിള്‍ വരിസംഖ്യ പിരിക്കാനെത്തിയ പ്രതി നാലാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കുത്തി പരിക്കേല്‍പ്പിച്ചെന്നുമാണു കേസ്.

 

◼️മുപ്പതു പേരടങ്ങുന്ന സംഘം വളഞ്ഞിട്ട് ആക്രമിച്ചെന്ന് ബാലുശ്ശേരിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു. പോസ്റ്ററുകളും ഫ്ളക്സുകളും കീറിയെന്ന് ആരോപിച്ചാണ് എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്നാണു ജിഷ്ണു പറയുന്നത്. 29 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

 

◼️സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറിലേക്കു വിനോദയാത്രപോയ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. സൗദി അറേബ്യയിലെ റിയാദ് ബദിയയില്‍ ബിസിനസ് നടത്തിയിരുന്ന കൊല്ലം ഓയൂര്‍ സ്വദേശി സജ്ജാദ് (45) ആണ് മരിച്ചത്.

 

◼️വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടികൂടി. കാസര്‍കോട് നെല്ലിക്കുന്ന് തെരുവത്ത് അബ്ദുല്‍ റഹീമിനെ അറസ്റ്റ് ചെയ്തത്. ദുബൈയിലേക്ക് പോകാന്‍ എത്തിയതായിരുന്നു അബ്ദുള്‍ റഹീം.

 

◼️പാചക എണ്ണ വില കുറയുന്നു, രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതുമാണ് രാജ്യത്ത് പാചക എണ്ണയുടെ വില കുറയാന്‍ കാരണം. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍, കടുക് എന്നീ എണ്ണകളുടെ വിപണി വില 15 മുതല്‍ 20 വരെ രൂപ കുറയുമെന്നാണ് റിപ്പോര്‍ട്ട്.

 

◼️അഗ്നിപഥിനെതിരെ കര്‍ഷക സമര മാതൃകയില്‍ പ്രതിഷേധം ഒരുങ്ങുന്നു. 12 ഇടത് വിദ്യാര്‍ത്ഥി – യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം പറഞ്ഞു.

 

◼️മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേന എംഎല്‍എമാരെ അല്‍പംപോലും ഗൗനിച്ചില്ലെന്ന പരാതിയുമായി തുറന്ന കത്ത്. അധികാരത്തിലിരുന്ന രണ്ടര വര്‍ഷം തങ്ങളെ മുഖ്യമന്ത്രിയുടെ വസതിയിലേക്കു പ്രവേശിപ്പിച്ചിട്ടേയില്ലെന്ന് എംഎല്‍എമാര്‍ കത്തില്‍ ആരോപിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നാലും കാണാന്‍ അനുവദിക്കാറില്ല. ശിവസേന എംഎല്‍എമാര്‍ക്കു വികസന ഫണ്ട് അനുവദിക്കാറില്ലെന്നും ഷിന്‍ഡെ ട്വിറ്ററില്‍ പുറത്തുവിട്ട കത്തില്‍ ആരോപിച്ചിട്ടുണ്ട്.

 

◼️രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മഹാരാഷ്ട്രയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതെന്ന് കോണ്‍ഗ്രസ്. ബിജെപി വിരുദ്ധ സര്‍ക്കാരുകളെ അട്ടിമറിയ്ക്കുന്ന അജണ്ടയാണു നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ജയറാം രമേശും ആരോപിച്ചു. മഹാ വികാസ് അഖാഡി സഖ്യം ഒന്നിച്ചുനിന്ന് പോരാടുമെന്നും അവര്‍ പറഞ്ഞു.

 

◼️മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഉദ്ദവ് താക്കറെയ്ക്കൊപ്പം മുന്നണി ഉറച്ചുനില്‍ക്കും. വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തിയാല്‍ സാഹചര്യം മാറുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

 

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നല്‍കി. ജൂലൈ അവസാനം ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

◼️എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മ്മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ദ്രൗപദി മുര്‍മ്മുവിനെ കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ടെ, അര്‍ജുന്‍ റാം മെഹ്വാള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

 

◼️ഉത്തര്‍പ്രദേശിലെ ബ്രഹ്‌മനഗറില്‍ വിവാഹ ആഘോഷം കൊഴുപ്പിക്കാന്‍ വിവാഹ വേദിയില്‍ വരന്‍ വെടിവച്ചു, ഒരാള്‍ മരിച്ചു. വരന്‍ മനീഷ് മദേഷിയെ കൈയോടെ അറസ്റ്റു ചെയ്തു. മുകളിലേക്കു വെടിവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ തോക്കിന്റെ തകരാറെന്തെന്നു പരിശോധിക്കുന്നതിനിടെ ക്ഷണിതാക്കള്‍ക്കള്‍ക്കിടയിലേക്ക് വെടിയുതിരുകയായിരുന്നു.

 

◼️അശ്ലീല സന്ദേശങ്ങളും നഗ്‌ന വീഡിയോ കോളുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രാജസ്ഥാന്‍ പോലീസിലെ സ്വവര്‍ഗാനുരാഗികളായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. എസ് എച്ച് ഒയെയും കോണ്‍സ്റ്റബിളിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. നാഗൗര്‍ ജില്ലയിലെ ദേഗാന പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ പ്രദീപ് ചൗധരി, ഖിന്‍വ്സര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗോപാല്‍ കൃഷ്ണ ചൗധരി എന്നിവര്‍ക്കെതിരേയാണു നടപടി.

 

◼️വ്യവസായിയും കോടീശ്വരനുമായ ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ ഇന്ന്. ഇതോടനുബന്ധിച്ച് 60,000 കോടി രൂപ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നല്‍കുക.

 

◼️ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്ത രണ്ടാഴ്ച യാത്രക്കാരുടെ ബാഹുല്യമുണ്ടാകുമെന്നു മുന്നറിയിപ്പ്. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാലാണു തിരക്ക് വര്‍ധിക്കുന്നത്. ഇന്നു മുതല്‍ അടുത്ത മാസം നാലുവരെ 24 ലക്ഷം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ദിവസേന ശരാശി 2,14,000 യാത്രക്കാരെങ്കിലും ഉണ്ടാകും.

 

◼️ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതള്‍ക്ക് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സിലൊതുങ്ങി.

 

◼️ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ലെസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തുടങ്ങി ഇന്ത്യ ആദ്യ ദിനം മഴ മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സുമായി ശ്രീകര്‍ ഭരതും 18 റണ്‍സോടെ മുഹമ്മദ് ഷമിയുമാണ് ക്രീസില്‍.

 

◼️ജൂലൈ 1 മുതല്‍ ക്രിപ്റ്റോ കറന്‍സിയടക്കം എല്ലാത്തരം ഡിജിറ്റല്‍ വെര്‍ച്വല്‍ ആസ്തികള്‍ക്കും 1 ശതമാനം ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ബാധകമായിരിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച തീരുമാനമാണിത്. ഒരു വര്‍ഷം 10,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കാണ് ടിഡിഎസ്. ക്രിപ്റ്റോ വരുമാനത്തിനും മറ്റും ഏപ്രില്‍ 1 മുതല്‍ 30 ശതമാനം നികുതി ബാധകമാക്കിയിരുന്നു. നഷ്ടത്തിലാണു ക്രിപ്റ്റോ ഇടപാടെങ്കിലും ടിഡിഎസ് ചുമത്തും. ഉദാഹരണത്തിന് 500 രൂപയുടെ ക്രിപ്റ്റോ ആസ്തി 10 രൂപയുടെ നഷ്ടത്തില്‍ വിറ്റാലും മൊത്തം തുകയുടെ ഒരു ശതമാനമായ 5 രൂപ ടിഡിഎസ് ആയി കണക്കാക്കും. ഒരിടപാടില്‍ നഷ്ടമുണ്ടായെന്നു കരുതി അത് മറ്റൊരു ഇടപാടുമായി അഡ്ജസ്റ്റ് (സെറ്റ്ഓഫ്) ചെയ്യാനാകില്ല.

 

◼️ഗൗതം അദാനി, തന്റെ 60-ാം ജന്മദിനം പ്രമാണിച്ച് 60,000 കോടി രൂപ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന നല്‍കുക. ഇന്ന് (വെള്ളിയാഴ്ച) 60 വയസ്സ് തികയുന്ന അദാനി സമ്പത്തിന്റെ വലിയൊരു ഭാഗമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നത്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇത്. 60,000 കോടി രൂപ അതായത് 7.7 ബില്യണ്‍ ഡോളര്‍ ആണ് അദാനി നല്‍കുന്നത്. ഏകദേശം 92 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അദാനി ഈ വര്‍ഷം തന്റെ സമ്പത്തില്‍ 15 ബില്യണ്‍ ഡോളര്‍ കൂടി ചേര്‍ത്തു.

 

◼️ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദ് നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലര്‍ പുറത്തെത്തി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണ് ട്രെയ്ലര്‍ പുറത്തെത്തിയിരുന്നത്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിര്‍ണ്ണായക വേഷത്തിലെത്തുന്ന സൂര്യയുടെ കഥാപാത്രം തമിഴ്, തെലുങ്ക്, മലയാളം ട്രെയ്ലറുകളില്‍ ഉണ്ട്. 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്ലര്‍. ചിത്രത്തിന്റെ രചനയും സംവിധാനവും ഒപ്പം നമ്പി നാരായണന്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ആര്‍ മാധവനാണ്. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്.

 

◼️വിക്രത്തെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര നേരത്തേ പ്രഖ്യാപിച്ച റിലീസ് തീയതിയ്ക്കു തന്നെ തിയറ്ററുകളിലെത്തും. ഇപ്പോള്‍ പുറത്തെത്തിയ പുതിയ പോസ്റ്ററിലാണ് ഓഗസ്റ്റ് 11നു തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

◼️എ4 സെഡാന്റെ വില വര്‍ധിപ്പിക്കാന്‍ ഔഡി ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വേരിയന്റിന്റെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി 2.63 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില വര്‍ധന വരും. 2022 ജൂലൈ 1 മുതല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. ഔഡി എ4 ന്റെ പ്രീമിയം വേരിയന്റിന് 2.63 ലക്ഷം രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകും. അതേസമയം മോഡലിന്റെ പ്രീമിയം പ്ലസ് വേരിയന്റിന് നിലവിലെ വിലയെക്കാള്‍ 1.38 ലക്ഷം രൂപ അധികം വരും. ടെക്‌നോളജി വേരിയന്റിന്റെ വില 98,000 രൂപ വര്‍ധിപ്പിക്കും. ഔഡി ഇന്ത്യയും അടുത്ത മാസം രാജ്യത്ത് എ8 എല്‍ ഫേസ്ലിഫ്റ്റ് അവതരിപ്പിക്കും.

 

◼️കൃത്യം അമ്പതു വര്‍ഷം മുമ്പ് ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ എന്ന പേരില്‍ ഒരു കവിത എഴുതുമ്പോള്‍ അരനൂറ്റാണ്ടിനുശേഷം അതേപേരില്‍ അതിനു ഒരു പിന്‍ഗാമിയുണ്ടാകും എന്ന് സ്വപ്നം കണ്ടിരുന്നില്ല അതിന്റെ സാമൂഹ്യ സാംഗത്യമുള്ള ഈ വിസ്താരം അവതരിപ്പിക്കാന്‍ താന്‍ ജീവിക്കും എന്ന ഉറപ്പും ഉണ്ടായിരുന്നില്ല. കെ. ജയകുമാര്‍. കറന്റ് ബുക്സ തൃശൂര്‍. വില 95 രൂപ.

 

 

Related Articles

Back to top button
error: Content is protected !!