Idukki

പൊതുവിദ്യാഭ്യാസ മേഖലയില്‍ ഏഴുവര്‍ഷത്തിനിടയില്‍ 5000 കോടിയുടെ വികസനം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

ഇടുക്കി: ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം പൊതു വിദ്യാഭ്യാസ മേഖലയില്‍ 5000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഐ ഡി എ ഗ്രൗണ്ടില്‍ നടന്ന ഇടുക്കി നിയോജയകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 5500 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളായി. പത്ത്, ഏഴ്, മൂന്ന് കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ രാജ്യാന്തര നിലവാരം പുലര്‍ത്തുന്നവയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ അധ്യാപകരുള്ള സംസ്ഥാനം കേരളമാണ്.
ശാസ്ത്രീയമായ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ ജൂണ്‍ മാസം സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് വിദ്യാര്‍ഥികളുടെ കൈകളില്‍ എത്തും.

2016 ല്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരമേറ്റതുമുതല്‍ 08.12.2023 വരെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആകെ PSC മുഖേന 33,377 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 28,124 അദ്ധ്യാപക നിയമനങ്ങള്‍ മാത്രമാണ്. ഈ കാലയളവില്‍ നടന്ന അനദ്ധ്യാപക നിയമനങ്ങള്‍ 5,253 ആണ്. ഇത് പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ അദ്ധ്യാപക നിയമനങ്ങള്‍ നടന്നിട്ടുള്ളത് കേരളത്തിലാണെന്ന് കാണാം.

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി പുതുക്കുന്ന നമ്മുടെ പാഠപുസ്തകങ്ങളില്‍ ആധുനിക കാലത്തിന്റെ എല്ലാ വെല്ലുവിളികളേയും നേരിടാനാവിശ്യമായ പാഠ ഭാഗങ്ങള്‍ ഉള്‍കൊള്ളിക്കുന്നുണ്ട്. ശാസ്ത്രാവബോധം വളര്‍ത്താനുള്ള പാഠങ്ങള്‍, മനുഷ്യാവകാശങ്ങളെ കുറിച്ചുള്ളവ, മാലിന്യ നിര്‍മാര്‍ജ്ജനം, കുട്ടികളുടെ അവകാശങ്ങള്‍ പ്രധാനമായും പോക്‌സോ നിയമങ്ങള്‍,
,ലൈംഗിക വിദ്യാഭ്യാസം , കാലാവസ്ഥാ വ്യതിയാനം- ആഗോളതാപനം സംബന്ധിച്ച പാഠങ്ങള്‍, റോഡ് സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച പാഠങ്ങള്‍ , തൊഴിലിനോട് നമ്മുടെ കുട്ടികള്‍ക്ക് പോസിറ്റീവായ മനോഭാവം വളര്‍ത്താനുള്ള പ്രത്യേക പുസ്തകങ്ങള്‍ തന്നെ തയ്യാറാക്കുന്നുണ്ട്., ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് യോഗ ഉള്‍പ്പെടെ പ്രത്യേകം പുസ്തകങ്ങള്‍, കലാവിദ്യാഭ്യാസത്തിന് അഞ്ചാം ക്ലാസ് മുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കും

നവകേരള നിര്‍മ്മിതിക്ക് വേണ്ടുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കുക എന്നതാണ് നവകേരള സദസ്സിന്റെ ലക്ഷ്യം. സദസ്സില്‍ പരാതി നല്‍കുന്നവര്‍ക്ക് പരാതി സ്വീകരിച്ചതിന്റ രേഖ നല്‍കുക മാത്രമല്ല പരമാവധി വേഗതയില്‍ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു എന്ന പ്രത്യേകത ഈ സദസ്സിനുണ്ട്.

ഒരിക്കലും നടക്കില്ല എന്ന് വിധിയെഴുതിയ മലയോര -തീരദേശ ഹൈവേ, കെ ഫോണ്‍ എന്നീ പദ്ദതികള്‍ കേരളത്തിന് മുന്നില്‍ നടത്തികാണിച്ചു മുന്നേറുകയാണ് ഈ സര്‍ക്കാര്‍. നിപയും ഓഖിയും കോവിഡും പ്രളയവും തുടങ്ങി പ്രകൃതി ദുരന്തങ്ങളെ മാത്രമല്ല അര്‍ഹതപ്പെട്ട കേന്ദ്ര നികുതി വിഹിതം പോലും ലഭിക്കാത്ത കാലഘട്ടത്തില്‍ ആണ് ഇത് എന്നതാണ് ഈ സര്‍ക്കാരിന്റെ വിജയം. അത് ജനങ്ങള്‍ എത്രത്തോളം മനസിലാക്കി എന്നതിന്റെ തെളിവാണ് ഓരോ വേദിയിലേക്കും ഒഴുകിയെത്തുന്ന ജനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!