കെ.സ്റ്റോര്‍ പതിപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മൂലമറ്റം: പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും, ഉല്പന്നങ്ങളുടെ ലഭ്യതയ്ക്കുമായി റേഷന്‍ കടകളുടെ വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെ സ്റ്റോര്‍ പദ്ധതി പതിപ്പള്ളിയിലും എത്തിചേര്‍ന്നു. ആദ്യഘട്ടത്തില്‍ കേരളത്തില്‍ 108 റേഷന്‍ കടകള്‍ക്കാണ് ഇത് ആരംഭിക്കാന്‍ അനുവാദം ലഭിച്ചിട്ടുള്ളത്. തൊടുപുഴ താലൂക്കിലെ രണ്ടാമത്തെ കെ സ്റ്റോറാണ് പതിപ്പള്ളി 173-ാം നമ്പര്‍ റേഷന്‍ കടയില്‍ ആരംഭിച്ചത്. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് കെ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ് സണ്‍ സുശീല ഗോപി ആദ്യവില്പന ഊര് മൂപ്പന്മാരായ പത്മദാസ്, രവി. ജി. ഇല്ലിക്കാനം എന്നിവര്‍ക്ക് നല്കി വിതരണം
നടത്തി. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കെ.എല്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍ സ്നേഹന്രവി, പഞ്ചായത്തംഗം പി.എ വേലുക്കുട്ടന്, പഞ്ചായത്ത് സെക്രട്ടറി എം.എ സുബൈര്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി സി.വി. വിപിന്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.കെ. സ്മിത, റേഷന്‍ ഇന്‍സ്പെക്ടര്‍ ദീപ എന്നിവര്‍ പ്രസംഗിച്ചു.