ChuttuvattomCrimeThodupuzha

സ്വകാര്യ ബസിന് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം

തൊടുപുഴ: സര്‍വ്വീസ് നടത്തുന്നതിനിടെ സ്വകാര്യ ബസിന് നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. ബസ് തടഞ്ഞ് നിര്‍ത്തിയ സംഘം മുന്‍വശത്തെ ചില്ല് എറിഞ്ഞുടച്ചു. ബസ് ഉടമയുടെ പരാതിയില്‍ നാലു പേര്‍ക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട് 6.15-ന് തൊടുപുഴ-ഈസ്റ്റ് കലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെയ്ന്റ് സെബാസ്റ്റ്യന്‍ ബസിന് നേരെയാണ് അക്രമം നടന്നത്. ഈസ്റ്റ് കലൂരില്‍ നിന്നും തൊടുപുഴക്കുള്ള ട്രിപ്പിനിടെ ഏഴല്ലൂരില്‍ വെച്ചാണ് സംഭവമെന്ന് ബസ് ഡ്രൈവര്‍ അരുണും കണ്ടക്ടര്‍ അന്‍സിലും പറഞ്ഞു. ബസ് എത്തിയപ്പോള്‍ നാലംഗസംഘം കൈകാട്ടി. ബസ് നിര്‍ത്തിയതോടെ സംഘത്തിലെ രണ്ടുപേര്‍ അസഭ്യം പറഞ്ഞുകൊണ്ട് ബസ് ഡ്രൈവറുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഡ്രൈവറോട് പുറത്തിറങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കാര്യം തിരക്കിയപ്പോള്‍ തങ്ങള്‍ക്ക് ബസ് ഓടിച്ച് നോക്കാനാണെന്ന് പറഞ്ഞ് വീണ്ടും അസഭ്യം പറഞ്ഞു. ബസില്‍ നിന്നിറങ്ങില്ലെന്ന് ഡ്രൈവര്‍ അരുണ്‍ പറഞ്ഞതോടെ സംഘം പ്രകോപിതരായി. ഇതോടെ കണ്ടക്ടര്‍ അന്‍സില്‍ പുറത്തിറങ്ങി അക്രമികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ അക്രമികളില്‍ ഒരാള്‍ സമീപത്ത് നിന്നും കല്ലെടുത്ത് ബസിന്റെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. ഈ സമയം രണ്ട് വനിതകളടക്കം മൂന്ന് യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അക്രമികള്‍ ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെ ബസ് സ്ഥലത്ത് നിന്നും ഓടിച്ച് അടുത്ത ജംഗ്ഷനില്‍ നാട്ടുകാര്‍ക്ക് സമീപം നിര്‍ത്തി. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം ബസ് തൊടുപുഴ സ്റ്റേഷന് സമീപത്തെത്തിച്ചു. അക്രമം മൂലം തൊടുപുഴയില്‍ നിന്നുള്ള അവസാന ട്രിപ്പ് മുടങ്ങി. ബസിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണന്‍, രോഹിത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഈ ബസില്‍ പതിവായി യാത്ര ചെയ്തിരുന്നവരാണെന്നാണ് പോലീസിന് ലഭിച്ച വിവരം. അക്രമം നടത്തിയ സമയം ഇവര്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. അക്രമികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും തൊടുപുഴ പോലീസ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!