KeralaThodupuzha

സാധാരണക്കാരുടെ ബജറ്റ് താളം തെറ്റി; അവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം

തൊടുപുഴ: കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം. പച്ചക്കറിയും പച്ചമീനും ഉള്‍പ്പെടെ സാധാരണക്കാരുടെ തീന്‍മേശകളില്‍ പതിവായുള്ള ഭക്ഷ്യ സാധനങ്ങള്‍ക്കെല്ലാം തന്നെ പൊള്ളുന്ന വിലയാണ്. കോഴി ഇറച്ചിക്ക് ദിനം പ്രതി വിലയേറുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ബ്രോയ്‌ലര്‍ കോഴികള്‍ക്ക് വിലയേറിയതാണ് ചിക്കന് വിപണിയില്‍ വില കൂടാന്‍ കാരണം. ബീഫ് ഉള്‍പ്പെടെയുള്ളവയ്ക്കും വില കുതിയ്ക്കുകയാണ്. സസ്യഭുക്കുകള്‍ക്കും മാംസാഹാര പ്രിയര്‍ക്കും ഒരേ പോലെ പോക്കറ്റു കാലിയാകുന്ന അവസ്ഥയാണ്. വില ഉയര്‍ന്നതോടെ വ്യാപാരവും വലിയ തോതില്‍ കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു.

 

കുതിച്ചുയര്‍ന്ന് പച്ചക്കറി വില

പച്ചക്കറി വിപണിയില്‍ പല ഇനങ്ങളുടെയും വില അടുത്ത നാളിലാണ് കുതിച്ചുയര്‍ന്നത്. കാരറ്റാണ് വിലക്കയറ്റത്തില്‍ മുന്‍പന്തിയില്‍. ഒരു കിലോ കാരറ്റിനു 80-90 രൂപ വരെയാണ് ചില്ലറ വില. ബീന്‍സിന്‍സിന്റെ വില 80-90 രൂപയായി. തക്കാളി കിലോയ്ക്ക് 60 , വെണ്ടയ്ക്ക 50, പാവയ്ക്ക 60, കോവയ്ക്ക 0, മുരിങ്ങക്കായ 100, വള്ളിപ്പയര്‍ 0 എന്നിങ്ങനെയാണ് മറ്റുള്ള ചില ഇനങ്ങളുടെ ചില്ലറ വില്‍പന വില. പച്ചക്കറികള്‍ക്ക് വില കൂടിയത് സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

 

മത്സ്യത്തിനും വില വര്‍ധന

ട്രോളിംഗ് നിരോധനം വന്നതോടെയാണ് പച്ചമീന്‍ മാര്‍ക്കറ്റിലും വിലക്കയറ്റം പ്രകടമായത്. ട്രോളിംഗ് നിരോധനവും മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ലഭ്യതക്കുറവുമാണ് മത്സ്യത്തിന്റെ വില വര്‍ധനയ്ക്കു കാരണം. ജനപ്രിയ മത്സ്യമായ മത്തിയ്ക്ക് ഒരു കിലോയ്ക്ക് 220 മുതല്‍ 250 രൂപ വരെയാണ് പലയിടത്തും ചില്ലറ വില. അയലയ്ക്ക് 230 മുതല്‍ 280 രൂപ വരെയും. ഓലക്കുടി, കേര തുടങ്ങി മിക്ക മീനുകള്‍ക്കും വില കുതിച്ചുയര്‍ന്നു. ഓലക്കുടി കിലോയ്ക്ക് 480 രൂപ, കേര 480, ചൂര 250, കൊഴുവ 180, ചെമ്മീന്‍ 380 മുതല്‍ 400 വരെ എന്നിങ്ങനെയാണ് വില. സുലഭമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളും സ്റ്റാളുകളില്‍ കിട്ടാനുമില്ല. കടകളില്‍ എത്തുന്ന പലരും വില കേള്‍ക്കുമ്പോള്‍ മത്സ്യം വാങ്ങാതെ മടങ്ങുകയാണ്. ഇരുചക്ര വാഹനങ്ങളിലും മറ്റും വില്‍പ്പന നടത്തിയിരുന്ന ചെറുകിട കച്ചവടക്കാര്‍ ഇതോടെ പ്രതിസന്ധിയിലായി. ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുമ്പു തന്നെ പല മത്സ്യങ്ങള്‍ക്കും ലഭ്യതക്കുറവ് ഉണ്ടായിരുന്നതായി കച്ചവടക്കാര്‍ പറയുന്നു.

ഇറച്ചി കോഴി വില ഉയരങ്ങളിലേക്ക്

ഇറച്ചിക്കോഴിവില ഒരു നിയന്ത്രണവുമില്ലാതെയാണ് കുതിക്കുന്നത്. ജില്ലയില്‍ കിലോയ്ക്ക് 150 മുതല്‍ 170 രൂപ വരെയാണ് വില. ഉത്പാദനത്തിലുണ്ടായ കുറവാണ് കോഴി വില ഉയരാന്‍ പ്രധാന കാരണമായി വില്‍പനക്കാര്‍ പറയുന്നത്. വില കുതിച്ചുയര്‍ന്നതോടെ, പലയിടത്തും കച്ചവടം മൂന്നിലൊന്നായി കുറഞ്ഞു. വില വര്‍ധന ഹോട്ടലുകള്‍ക്കും തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും മറ്റും വില വര്‍ധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന കോഴികള്‍ക്കാണ് വില കൂടിയത്. ജില്ലയില്‍ പ്രാദേശികമായി നടത്തുന്ന കോഴിഫാമുകളില്‍ നിന്നുള്ള ചിക്കന്‍ നേരിയ വിലക്കുറവില്‍ ലഭിക്കും. കോഴിത്തീറ്റയ്ക്ക് വില കൂടിയതാണ് ചിക്കന്‍ വില ഉയരാന്‍ കാരണമായി പറയുന്നത്.

 

 

 

Related Articles

Back to top button
error: Content is protected !!