Arakkulam

അറക്കുളത്തെ തോട്ടില്‍ ശുചിമുറി മാലിന്യം തള്ളിയ ആലപ്പുഴ സ്വദേശി അറസ്റ്റില്‍

അറക്കുളം : ഇടുക്കിറോഡിലെ ഹോട്ടലില്‍നിന്നുള്ള ശുചിമുറി മാലിന്യം സംസ്‌കരിക്കാനെന്ന പേരില്‍ ഏറ്റെടുത്ത് അറക്കുളം കാവിന്‍പടിയിലെ തോട്ടില്‍ തള്ളിയ കേസില്‍ പ്രതിയെ കാഞ്ഞാര്‍ പോലീസ് അറസ്റ്റുചെയ്തു. ലോറി ഡ്രൈവര്‍ ആലപ്പുഴ മുഹമ്മ ചിറവിളയില്‍ വീട്ടില്‍ ജെഫിന്‍ ജോസഫിനെ (28)ആണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.ആര്‍.സുനിലിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, പ്രവീണ്‍, തൃദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ലോറിയും പിടിച്ചെടുത്തു. ലോറി പിന്നീട് കോടതിക്ക് കൈമാറും.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ റോഡരികില്‍ വണ്ടിനിര്‍ത്തി തോട്ടിലേക്ക് മാലിന്യം തള്ളുകയായിരുന്നു. ആയിരക്കണക്കിനാളുകള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തൊടുപുഴയാറിലേക്കെത്തുന്ന ചെറുതോടാണിത്. മൂന്നു ലോഡ് മാലിന്യമാണ് തള്ളിയതെന്ന് ഡ്രൈവര്‍ മൊഴിനല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ ഹോട്ടലുടമ പോലീസിന് നല്‍കിയിരുന്നു. ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കാഞ്ഞാറില്‍ നിന്നുള്ള പോലീസ് സംഘം മുഹമ്മയില്‍പോയി. അപ്പോഴേക്കും വാഹനം ഒളിപ്പിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മ പോലീസിനെ അറിയിച്ചശേഷം പോലീസ് മടങ്ങി. മുഹമ്മ പോലീസ് വാഹനം ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയതോടെയാണ് വാഹനം ഓടിച്ച ആളെയും വാഹനവും കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച വാഹനത്തിന്റെ ഉടമസ്ഥന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകും. ഇയാള്‍ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മൊഴിലഭിച്ചിരിക്കുന്നത്. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തശേഷം കൂട്ടുപ്രതിയാക്കുന്ന കാര്യം തീരുമാനിക്കുമെന്ന് സി.ഐ. പറഞ്ഞു. ഒരു ദിവസത്തേക്കു വാഹനം ഓടിക്കാന്‍ ചുമതലയേല്‍പ്പിച്ചയാളാണ് മനുഷ്യവിസര്‍ജ്യം തോട്ടിലേക്കു തള്ളിയത്. തോടിന് ചേര്‍ന്നുള്ള നഴ്‌സറിയില്‍ തോട്ടിലെ വെള്ളം പമ്പ്‌ചെയ്താണ് ചെടികള്‍ നനച്ചിരുന്നത്. വെള്ളമടിച്ചപ്പോള്‍ ദുര്‍ഗന്ധം ശ്രദ്ധയില്‍പെട്ടപ്പോഴാണ് മാലിന്യം തള്ളിയത് അറിയുന്നത്.

 

 

Related Articles

Back to top button
error: Content is protected !!