ChuttuvattomThodupuzha

അപകടകരമായി ഇറക്കിയ തടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി യാത്രക്കാരന് പരുക്കേറ്റ സംഭവം; തടി വ്യാപാരികള്‍ക്ക് വേണ്ടി തൊടുപുഴ പോലീസിന്റെ ഒത്തുകളി

തൊടുപുഴ: സംസ്ഥാന പാതയോരത്ത് അപകടകരമായി ഇറക്കിയ തടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി യാത്രക്കാരന് പരുക്കേറ്റ സംഭവത്തില്‍ തടി വ്യാപാരികള്‍ക്ക് വേണ്ടി തൊടുപുഴ പോലീസിന്റെ ഒത്തുകളി. ബൈക്ക് ഓടിച്ച യുവാവിന് ലൈസന്‍സ് ഇല്ലെന്ന് ആരോപിച്ച പോലീസ് പിക്ക് ജീപ്പില്‍ തടി എത്തിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ല. പോലീസിന്റെ ആരോപണം തെറ്റാണെന്നും ലൈസന്‍സ് ഉണ്ടെന്നും വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്ത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. മൂവാറ്റുപുഴ സ്വദേശി ഷിഹാബിന്റെ നിര്‍ദ്ദേശപ്രകാരം പൂമാല സ്വദേശിയായ റഹീം എന്നയാളാണ്  റോഡരികില്‍ തടിയിറക്കിയത്. ഇത് കാണാതെ ഇരുചക്ര വാഹനത്തിലെത്തിയ മങ്ങാട്ടുകവല സ്വദേശി കാര്‍ത്തിക് ബിനു എന്ന യുവാവ് വാഹനത്തിലിടിച്ച് മറിഞ്ഞ് അപകടമുണ്ടായി. തൊടുപുഴ നഗരത്തിലെ വ്യാപാരിയുടെ മകനായ കാര്‍ത്തികിന്റെ ഇടത് കാല്‍ ഒടിഞ്ഞു. തോളെല്ലിനും കൈവിരലുകള്‍ക്കും പൊട്ടലുണ്ട്. അപകടമറിഞ്ഞ് എത്തിയവരാണ് കാര്‍ത്തികിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉടന്‍ തന്നെ തൊടുപുഴ പോലീസ് സ്ഥലത്തെത്തി തടിയെത്തിച്ച പിക്ക് അപ്പ് ജീപ്പും അതിലുണ്ടായിരുന്ന രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നാല്‍ ഏതാനും സമയം കഴിഞ്ഞ്  സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയ കാര്‍ത്തിക്കിന്റെ ബന്ധുക്കളോട് പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ തട്ടിക്കയറിയതായി പരാതിയുണ്ട്. പിക്ക് ജീപ്പ് എത്തിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും  ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് കാര്‍ത്തിക്കിനെതിരെ കേസെടുക്കുമെന്നും പോലീസ് ബന്ധുക്കളോട് പറഞ്ഞു. ഇതോടെ ഇവര്‍ മടങ്ങി. ഞായറാഴ്ച്ചയും സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനോ മൊഴിയെടുക്കുന്നതിനോ പോലീസ് തയ്യാറായില്ല. തിങ്കളാഴ്ച്ച ഇതേ കുറിച്ച് അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് ഡിവൈ.എസ്.പി പറഞ്ഞതും കീഴുദ്യോഗസ്ഥര്‍ അറിയിച്ച ലൈസന്‍സില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലായെന്ന കാര്യം തന്നെയാണ്. എന്നാല്‍ പരുക്കേറ്റ കാര്‍ത്തിക്കിന്റെ ബന്ധുക്കള്‍ ലൈസന്‍സിന്റെ പകര്‍പ്പ്  ഡിവൈ.എസ്.പിക്ക് കൈമാറി. ഇതോടെയാണ് പരുക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാര്‍ത്തികിന്റെ മൊഴിയെടുക്കാന്‍ പോലീസ് തയാറായത്. ഇതിന്റെ തുടര്‍ച്ചയായി പിക്ക് അപ്പ് ജീപ്പ് എത്തിച്ച പൂമാല സ്വദേശിയായ റഹീം എന്നയാള്‍ക്കെതിരെ വാഹനാപകടം ഉണ്ടാകാന്‍ ഇടയാക്കിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!