ArakkulamLocal Live

കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം ; അറക്കുളത്ത് പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി

അറക്കുളം : കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമന്നാവശ്യപ്പെട്ട് അറക്കുളത്ത് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. മറ്റ് പമ്പ് ഹൗസുകളിലെ പഴകിയ മോട്ടോറുകള്‍ അറക്കുളത്തെത്തിച്ച് ഘടിപ്പിക്കുകയും സ്ഥിരമായി മോട്ടോറുകള്‍ തകരാറിലാകുകയും ചെയ്തിട്ടും വിഷയത്തിന് ശാശ്വത പരിഹാരം കാണാത്ത അറക്കുളത്തെ ഇടത് വലത് കൂട്ട് ഭരണസമിതിക്കെതിരെയാണ് ബിജെപി പ്രതിഷേധ സമരം സംഘടിപ്പിച്ചത്. വലിയ തകരാറില്ലാതിരുന്ന മൂലമറ്റം കമ്മ്യൂണിറ്റി ഹാള്‍ 38 ലക്ഷം രൂപ മുടക്കി പുനരുദ്ധാരണം നടത്തിയ അറക്കുളം പഞ്ചായത്തിലെ ഇടത് വലത് ഉദ്യോഗസ്ഥ കൂട്ട്‌കെട്ടാണ് നിരന്തരം കുടിവെള്ള പ്രശ്‌നം ഉണ്ടാകുവാന്‍ കാരണമെന്നും കമ്മ്യൂണിറ്റി ഹാള്‍ പുനരുദ്ധാരണം നടത്തുവാനുപയോഗിച്ച ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപ മുടക്കി പുതിയ മോട്ടോര്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ 10 വര്‍ഷക്കാലത്തേക്ക് യാതൊരു വിധ പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ലായെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.

കുടിവെള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മഴവെള്ളം പിടിച്ചുപയോഗിച്ചാല്‍ മതിയെന്ന് ഒരു ജനപ്രതിനിധി മറുപടി നല്‍കിയതായും 25 വര്‍ഷക്കാലമായി ശുദ്ധീകരിക്കാത്ത മലിനജലം ജനങ്ങള്‍ക്ക് നല്‍കുന്ന ഇന്ത്യയിലെ ഏക കുടിവെള്ള പദ്ധതിയാണ് അറക്കുളം പതിനാലാം വാര്‍ഡിലേതെന്നും ബിജെപി നേതൃത്വം ആരോപിച്ചു. പമ്പ് ഹൗസിലുള്ള 50 വര്‍ഷം കാലപഴക്കമുള്ള പൈപ്പുകള്‍ പൊട്ടി കുടിവെള്ള വിതരണം മുടങ്ങുന്നത് ഇവിടെ പതിവാകുകയാണ്. പഞ്ചായത്തധികൃതര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം കാണാത്തതിനാല്‍ പലപ്പോഴും പ്രദേശവാസികളാണ് പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ 70 കോടി അനുവദിച്ച് നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണമാണ് ഇനി അറക്കുളത്തിന്റെ ഏക പ്രതീക്ഷ. ഇതിനായിയുള്ള പഞ്ചായത്തിന്റെ വിഹിതം നല്‍കിയിട്ടില്ലായെന്നത് പഞ്ചായത്തധികൃതരുടെ അനാസ്ഥായെയാണ് സൂചിപ്പിക്കുന്നതെന്നും ജലസേചന വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാന്‍ മന്ത്രിയോ, മന്ത്രിയുടെ പാര്‍ട്ടിയോ, മുന്നണിയോ തയ്യാറാകുന്നില്ലയെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രതിഷേധിച്ചാലോ സമരം നടത്തിയാലോ ഏതെങ്കിലും പഴയ മോട്ടോര്‍ സ്ഥാപിച്ച് താത്കാലിക പ്രശ്‌ന പരിഹാരം കാണുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സമരം സംസ്ഥാന കമ്മറ്റിയംഗം പി.ഏ.വേലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി അറക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. പി.വി.സൗമ്യ, എം.ജി.ഗോപാലകൃഷ്ണന്‍, രമാ രാജീവ്, ഉത്രാടം കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!