ChuttuvattomCrimeThodupuzha

നഗരത്തിലെ  വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു കടത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

തൊടുപുഴ:  നഗരത്തിലെ  വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു കടത്തിയ സ്വകാര്യ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍.  കെഎസ്ആര്‍ടിസി ഡിപ്പോ, തിയറ്റര്‍ കോംപ്ലക്‌സ്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തെ കട തുടങ്ങിയവയുടെ  പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ കേസില്‍  വഴിത്തലയില്‍ താമസിക്കുന്ന കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി വട്ടപ്പറമ്പില്‍ റോബിന്‍സ് ജോയി (പപ്പന്‍ 21)യെയാണ് എസ്‌ഐമാരായ അജയകുമാര്‍, ടി.എം.ഷംസുദീന്‍, എഎസ്‌ഐ ഉണ്ണി കൃഷ്ണന്‍, സിപിഒ മാഹിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ അഞ്ച് ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയതായി പോലീസ് പറഞ്ഞു. എറണാകുളം, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് ബൈക്കുകള്‍ വില്‍പ്പന നടത്തിയത്.

സ്വകാര്യ ബസില്‍ ക്ലീനറായ ഇയാള്‍ നഗര പ്രദേശത്ത്  രാത്രി ചുറ്റി നടന്ന് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ബൈക്ക് കടത്തുകയാണ് ചെയ്യുന്നത്. ബൈക്ക് മോഷണം പതിവായതിനെ തുടര്‍ന്ന് പോലീസ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്  പോലീസ് നടത്തിയ അന്വേഷണത്തില്‍ കരിങ്കുന്നത്തെ പെട്രോള്‍ പമ്പില്‍ ഇയാള്‍ മോഷ്ടിച്ച ബൈക്കില്‍ എത്തി 500 രൂപയുടെ പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങിയതായി കണ്ടെത്തി. പെട്രോള്‍ പമ്പില്‍ എത്തിയ ഇയാള്‍ പമ്പിലെ ജീവനക്കാരന്റെ ഫോണില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് മെസേജ് അയച്ചതായും  കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇന്ന് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button
error: Content is protected !!