IdukkiLocal Livepolitics

ഇടുക്കിയില്‍ തനിയാവര്‍ത്തനം : ഡീനും ജോയ്‌സും മൂന്നാം വട്ടവും നേര്‍ക്കുനേര്‍

തൊടുപുഴ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ തനിയാവര്‍ത്തനം. ഇടത് സ്ഥാനാര്‍ത്ഥിയായി ജോയ്സ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡീന്‍ കുര്യാക്കോസും മൂന്നാം വട്ടവും ഏറ്റുമുട്ടും. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയാണ് ജോയ്സിനെ ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെങ്കിലും നിലവിലെ എംപി ഡീന്‍ കുര്യാക്കോസ് തന്നെയാകും മത്സരിക്കുകയെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. ഡീന്‍ പ്രചരണവും ആരംഭിച്ചു കഴിഞ്ഞു. ഔദ്യോഗികമായി അടുത്ത ദിവസം തന്നെ എഐസിസി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കൂടി നിശ്ചയിച്ചാല്‍ ഇടുക്കി മണ്ഡലത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. ഇത്തവണയും ബിഡിജെഎസിനു തന്നെയാകും സീറ്റ്.

2014ലെ തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോയ്സ് ജോര്‍ജ്ജ് അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീന്‍ കുര്യാക്കോസിനെ 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അന്ന് കത്തിനിന്ന ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പ്രതിഷേധങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പം നിന്ന ജോയ്സ് ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വരുകയായിരുന്നു. എന്നാല്‍, 2019ലെ തിരഞ്ഞെടുപ്പില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഡീന്‍ കുര്യാക്കോസിനായിരുന്നു വിജയം. ഇത്തവണ വീണ്ടും ജോയിസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് ജോയ്സ് മമത്സരിച്ചതെങ്കില്‍ ഇത്തവണ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടാണ് അങ്കത്തിനിറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്. ഇന്ന് കോതമംഗലത്ത് നിന്ന് പ്രമുഖ വ്യക്തികളെയും നേതാക്കളെയും കണ്ട് ആശിര്‍വാദം വാങ്ങി ജോയ്സ് പ്രചാരണം ആരംഭിക്കും. അതേസമയം ഡീന്‍ മൂന്നാറില്‍ കാട്ടാനയെ പിടികൂടണമെന്ന ആവശ്യവുമായി നിരാഹാര സമരത്തിലാണ്.

2019ലെ വോട്ട്

ഡീന്‍ കുര്യാക്കോസ് (യു.ഡി.എഫ്)- 4,98,493

ജോയ്സ് ജോര്‍ജ്ജ് (എല്‍.ഡി.എഫ്)- 3,27,440

ബിജു കൃഷ്ണന്‍ (എന്‍.ഡി.എ)- 78,648

 

Related Articles

Back to top button
error: Content is protected !!