Local LiveMuttom

മലങ്കര ജലാശയ തീരത്തുകൂടി പാത നിര്‍മ്മിച്ചു ; എന്നാല്‍ പൊതുജനത്തിന് പ്രവേശനമില്ല

മുട്ടം : മലങ്കര ജലാശയ തീരത്തുകൂടി പാത നിര്‍മ്മിച്ചു. മാത്തപ്പാറ മുതല്‍ ശങ്കരപ്പള്ളി വരെയാണ് എട്ടു മീറ്ററോളം വീതിയില്‍ മൂന്നു കിലോമീറ്ററില്‍ വഴി നിര്‍മിച്ചത്. എന്നാല്‍, ഇത് പൊതുജനത്തിന് ഉപയോഗിക്കാനുള്ളതല്ല. മുട്ടം-കരിങ്കുന്നം സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാനാണ് പാത തെളിച്ച് എടുത്തത്. പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ ഇത് മൂടി വഴി അടക്കും. എംവിഐപിയുടെ അധീനതയിലായിരുന്ന ഭൂമി ഇപ്പോള്‍ വനം വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ഇതുവഴി പുഴയോര പാത വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് ആവശ്യപ്പെട്ട് നിരവധി നിവേദനം പ്രദേശവാസികളും പഞ്ചായത്തും അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, അതൊന്നും ഇതുവരെ പരിഗണിച്ചിട്ടില്ല.

എംവിഐപി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് നിയോഗിച്ച സെറ്റില്‍മെന്റ് ഓഫിസര്‍ മുമ്പാകെയും അപേക്ഷ നല്‍കിയിരുന്നു. അത് നിരസിച്ച് ഉത്തരവായി. ഇതിനെതിരെ ഇനി ജില്ല കോടതിയില്‍ അപ്പീല്‍ നല്‍കണം. അതിനുള്ള നടപടികള്‍ ആരംഭിച്ചതായി മൂന്നാം വാര്‍ഡ് മെമ്പര്‍ അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി പറഞ്ഞു. മലങ്കര ഡാമിന്റെ ഭംഗിയും ജലാശയത്തിന്റെ മനോഹാരിതയും മനം കുളിര്‍പ്പിക്കുന്നതാണ്. എന്നാല്‍, അതിന് വേണ്ട പരിശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മാത്തപ്പറ വഴി ശങ്കരപ്പള്ളിക്ക് പുഴയോര ബൈപാസ് വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. വനം വകുപ്പ് അതിന് അനുമതി നല്‍കുമോ എന്ന സംശയം പ്രദേശവാസികള്‍ക്കുണ്ട്. എന്നാല്‍, വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കാതെ ഇടവെട്ടി മോഡലില്‍ നടപ്പാതയെങ്കിലും യാഥാര്‍ഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജലാശയതീരത്ത് ഇരിപ്പിടങ്ങള്‍ കൂടി സ്ഥാപിച്ചാല്‍ കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കാനാകും.

 

Related Articles

Back to top button
error: Content is protected !!