ChuttuvattomThodupuzha

പാറമടക്ക് ലൈസന്‍സ് നല്‍കരുതെന്ന് അഞ്ചിരിയില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു

തൊടുപുഴ: ആലക്കോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ആരംഭിക്കാന്‍ നീക്കം നടക്കുന്ന പാറമടക്ക് ലൈസന്‍സ് നല്‍കരുതെന്ന് അഞ്ചിരിയില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങളുടെ ആവശ്യത്തെ തുര്‍ന്നാണ് ഇവിടെ സ്പെഷല്‍ ഗ്രാമസഭ വിളിച്ചത്. നൂറു കണക്കിനു കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പാറമടയും ക്രഷറും മറ്റും ആരംഭിക്കാന്‍ നടക്കുന്ന നീക്കം തടയണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു.

പ്രദേശത്തെ വലിയ തണ്ണീര്‍ത്തടമായ പാടവും, കുടിവെള്ള സ്രോതസുകളും പാറമട ആരംഭിക്കുന്നതോടെ നശിക്കുമെന്നും ഇതിനു സമീപത്തു കൂടി പോകുന്നതും പാറയില്‍ സ്ഥാപിച്ചിട്ടുള്ളതുമായ മൂലമറ്റം – മൈസൂരു ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ടവറുകളുടെ തകര്‍ച്ചയ്ക്ക് പാറമട കാരണമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തന്നെ അഞ്ചിരി, ഇഞ്ചിയാനി മേഖലകളിലായി നാല് പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ ടോറസ് ലോറികള്‍ ഓടിക്കുന്നത് മൂലം ഇവിടേക്കുള്ള റോഡ് തകര്‍ന്നു. ഇതിനു സമീപം വീണ്ടും പാറമട ആരംഭിക്കാനുള്ള നീക്കം പ്രദേശത്തെ ആവാസ വ്യവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി കാവാലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷാന്റി ബിനോയി, ഗീതമ്മ, ഷിജു ഒലിപ്പുര, ജോസ് ജെ മുണ്ടക്കല്‍, ലവിന്റെ മിറ്റത്താനി, ജോബിന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറ്റമ്പതോളം നാട്ടുകാര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!