ChuttuvattomThodupuzha

ഭ​ക്ഷ്യ​ക്കി​റ്റി​ൽ മാ​യം ക​ല​ർ​ന്ന വെ​ളി​ച്ചെ​ണ്ണ

തൊടുപുഴ: ആദിവാസികള്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആദിവാസികള്‍ക്കുള്ള ഫുഡ് സപ്പോര്‍ട്ട് പദ്ധതി പ്രകാരം കഴിഞ്ഞ മാസം വിതരണം ചെയ്ത കിറ്റിലാണ് 2018-ല്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കന്പനിയുടെ വെളിച്ചെണ്ണ ഉള്‍പ്പെടുത്തിയിരുന്നതായി ആക്ഷേപം ഉയരുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ച് മൂലക്കാട്, വെണ്ണിയാനി, കട്ടിക്കയം, പെരുന്പാപ്പതി,ഉപ്പുകുന്ന്, കള്ളിക്കല്‍, പെരിങ്ങാശേരി, ഗുരുതിക്കളം എന്നിവിടങ്ങളില്‍ നിന്നുള്ള അറുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവര്‍ സമീപ ആശുപത്രികളില്‍ ചികില്‍സ തേടി. ഉടുന്പന്നൂര്‍ പഞ്ചായത്തിലെ വെണ്ണിയാനിയില്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി സ്ഥലത്ത് ഉടന്‍ തന്നെ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ച് ആവശ്യമായ ചികില്‍സയും മാര്‍ഗനിര്‍ദേശവും നല്‍കി.

സംഭവത്തില്‍ ആദിവാസി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു ഭക്ഷ്യസുരക്ഷാ വിഭാഗം വെളിച്ചെണ്ണയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം ഉടന്‍ വരുമെന്നും ഇതിനു ശേഷമേ മായം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നും ആദിവാസി ഏകോപന സമിതി ജില്ലാ സെക്രട്ടറി നിബുരാജ് ദീപികയോട് പറഞ്ഞു. കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണയുടെ കവറില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫോണ്‍നന്പറില്‍ ഒന്പതക്കം മാത്രമാണുണ്ടായിരുന്നത്. മായം കലര്‍ന്ന വെളിച്ചെണ്ണയാണ് വിതരണം ചെയ്തതെന്നു കണ്ടെത്തിയതോടെ പലരും ഇതുപയോഗിക്കാന്‍ തയാറായില്ല. കഴിഞ്ഞമാസം വിതരണം ചെയ്ത കിറ്റിലാണ് മായം കലര്‍ന്ന വെളിച്ചെണ്ണ ഉള്‍പ്പെടുത്തിയിരുന്നത്. നേരത്തെ സപ്ലൈക്കോ, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയാണ് കിറ്റുകള്‍ നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ സ്വകാര്യകന്പനിക്കായിരുന്നു വിതരണചുമതല. ആദിവാസി സെറ്റില്‍മെന്റ് ഏരിയയില്‍ എത്തിക്കുന്ന കിറ്റുകള്‍ റേഷന്‍കാര്‍ഡുമായെത്തി വീട്ടുകാര്‍ കൈപ്പറ്റണം. വെളിച്ചെണ്ണയ്ക്കു പുറമെ ചെറുപയര്‍, പഞ്ചസാര, കടല, തേയില, കറിപൗഡറുകള്‍ തുടങ്ങിയവയും കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഒരുലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി കണക്ക്. ഇതില്‍ ചിലയിടങ്ങളില്‍ വിതരണം ചെയ്ത കിറ്റിലാണ് നിരോധിച്ച വെളിച്ചെണ്ണ പായ്ക്കറ്റുകള്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് സൂചന. അതേ സമയം വിവിധ കന്പനികളുടെ പേരില്‍ സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്ന പരാതി വ്യാപകമാകുന്‌പോഴും അധികൃതര്‍ നിസംഗത പുലര്‍ത്തുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!