IdukkiLocal Live

പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്താം : എം സി എം സി സെല്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി : ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും, പണമോ പാരിതോഷികമോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.സിവില്‍ സ്റേറഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ രണ്ടാം നിലയിലാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം സി എം സി ) സെല്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ : 04862 233036.

മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായാണ് സെല്‍ പ്രവര്‍ത്തിക്കുക. എ ഡി എം ഇന്‍ ചാര്‍ജ്ജ് മനോജ് കെ. , ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ.അരുണ്‍ ജെ.ഒ,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി.എസ്, സ്വീപ് നോഡല്‍ ഓഫീസര്‍ ലിബു ലോറന്‍സ്, എം.സി.എം.സി അംഗങ്ങള്‍ , വിവിധ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

എംസിഎംസി പ്രവര്‍ത്തനം

പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് ചുമതല. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ ശ്രവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയില്‍ വരും. രജിസ്റ്റര്‍ ചെയ്ത ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ത്ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം.

പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും ബാധകമായിരിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യസ്വഭാവത്തോടെയുള്ള പ്രചാരണം നടത്തുന്നതിനും ഇത്തരത്തില്‍ അനുമതി തേടണം.

അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ത്ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അപേക്ഷകള്‍ ലഭിച്ച് 2 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് ഇത് സംബന്ധിച്ച് അപേക്ഷകള്‍ നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ആറംഗ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയാണ് സാക്ഷ്യപ്പെടുത്തല്‍ സംബന്ധിച്ച് തീരുമാനമെടുക്കുക. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സമിതിക്ക് അധികാരമുണ്ട്.

Related Articles

Back to top button
error: Content is protected !!