ChuttuvattomThodupuzha

എഐക്യാമറകള്‍ സ്ഥാപിച്ചത്‌ അപകടനിരക്ക് കുറയ്ക്കുവാനോ കൂട്ടുവാനോ; അപകടങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു

തൊടുപുഴ: ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി എ.ഐ. ക്യാമറ നിരീക്ഷണവും നിരത്തുകളിലെ പരിശോധനകളും ശക്തമാക്കിയിട്ടും ജില്ലയില്‍ വാഹനാപകടങ്ങളുടെ നിരക്ക് ഉയരുന്നു. ദിനംപ്രതിയെന്നോണമാണ് ജില്ലയിലെ നിരത്തുകളില്‍ അപകടങ്ങളുണ്ടാകുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം കുറഞ്ഞു.ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ റോഡപകടങ്ങളില്‍ മരിച്ചത് 56 പേരാണ്. ഇക്കാലയളവില്‍ ആകെ 800 അപകടങ്ങള്‍ ഉണ്ടായതായാണു മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. അപകടങ്ങളില്‍ 1186 പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജില്ലയില്‍ റോഡ് അപകടങ്ങളില്‍ മരിച്ചത് 71 പേരാണ്. ആകെ 797 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 972 പേര്‍ക്കു പരുക്കേറ്റു. റോഡപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലെങ്കിലും മരണനിരക്ക് കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ് ഉള്‍പ്പെടെ ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ എ.ഐ കാമറകള്‍ ഏറെ സഹായമാകുന്നതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.ജൂണ്‍, ജൂലൈ മാസങ്ങളിലായി വിവിധ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതില്‍ 2.46 കോടി എ.ഐ കാമറകള്‍ വഴി പിഴ ചുമത്തി. ജൂണില്‍ 23,539 ഉം ജൂലൈയില്‍ 15,759 നിയമലംഘനങ്ങള്‍ക്ക് 39,298 നോട്ടീസുകളാണ് അയച്ചത്. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലും കണ്ടെത്തിയത്.

അതേസമയം നിയമലംഘനങ്ങള്‍ കൃത്യമായി കണ്ടെത്തി നടപടിയെടുക്കുന്നതിനാല്‍ മുന്‍പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ജാഗ്രത വാഹനമോടിക്കുന്നവരും യാത്രക്കാരും പുലര്‍ത്തുന്നുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞതായും അധികൃതര്‍ പറഞ്ഞു.അമിതവേഗം, അശ്രദ്ധ എന്നിവയാണ് റോഡ് അപകടങ്ങള്‍ക്കു പ്രധാന കാരണം. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തി മരണത്തിനു കീഴടങ്ങുന്നതില്‍ കൂടുതലും യുവാക്കളാണ്. ഈ മാസവും ജില്ലയില്‍ റോഡപകടങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാ രുടെ വിശ്രമരഹിതമായ വാഹനമോടിക്കല്‍, മദ്യപിച്ചുള്ള ഡ്രൈവിങ്, രാത്രിയില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെല്ലാം അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നു. നിരത്തുകളില്‍ കൂടുന്ന വാഹനപ്പെരുപ്പവും റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!