Local LiveMuttom

മലങ്കര ടൂറിസം ഹബ്ബിന്റെ ഭൂമിയിലേക്ക് അനധികൃതമായി വഴി വെട്ടിയതായി ആരോപണം

മുട്ടം : മലങ്കര ടൂറിസം ഹബ്ബിന്റെ ഭൂമിയിലേക്ക് അനധികൃതമായി വഴി വെട്ടിയതായി ആരോപണം. ഹബ്ബിനോട് ചേര്‍ന്നുള്ള മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങള്‍ മുറിച്ച് ലോറിക്ക് കൊണ്ടുപോകാനാണ് ടൂറിസം ഹബ്ബിന്റെ ഭൂമിയിലേക്ക് അനധികൃതമായി വഴി വെട്ടിയത്. മലങ്കര ടൂറിസം ഹബ്ബിനേയും മലങ്കര എസ്റ്റേറ്റിനേയും അതിര് തിരിക്കുന്ന കയ്യാല ടിപ്പര്‍ ലോറിക്ക് കടന്ന് പോകാന്‍ വിധത്തില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കുകയും എംവിഐപിയുടെ ഉടമസ്ഥതയിലുള്ള തേക്കിന്റെ മരത്തിന് നാശവും വരുത്തിയിട്ടുണ്ട്. മലങ്കര അണക്കെട്ടിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അനധികൃതമായി വഴി വെട്ടിയിരിക്കുന്നത്. കൂടാതെ ടൂറിസം ഹബ്ബിലേക്കും അതിനോട് അനുബന്ധിച്ചുള്ള ചുറ്റ് പ്രദേശങ്ങളിലേക്കും അനധികൃതമായി ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ മതില്‍ കെട്ടിയിട്ടുമുണ്ട്. അതീവ സുരക്ഷ മേഖലയായി സംരക്ഷിക്കുന്ന ഭൂമിയിലേക്കാണ് ഇത്തരത്തിലുള്ള അനധികൃത പ്രവര്‍ത്തികള്‍ നടക്കുന്നത്.

മലങ്കര അണക്കെട്ടിന്റേയും ടൂറിസം ഹബ്ബിന്റേയും സമീപത്ത് കുടില്‍ കെട്ടി താമസിക്കുന്ന ആളുകള്‍ക്കും അവരുടെ കുടുംബക്കാര്‍ക്കും ഇത് വഴിയുള്ള സഞ്ചാരത്തിന് നിയന്ത്രണമുള്ളപ്പോഴാണ് സ്വകാര്യ വ്യക്തികളുടെ കടന്ന് കയറ്റം. സുരക്ഷ മേഖലയായി സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഭൂമിയിലേക്ക് അനധികൃതമായി വഴി വെട്ടി തേക്ക് മരത്തിന് നാശം സംഭവിച്ചിട്ടും എം.വി.ഐ.പി അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍, മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങളാണ് മുറിക്കുന്നതെന്നും മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യാന്‍ പുറം കരാര്‍ നല്‍കിയിരിക്കുകയാണെന്നും മുറിക്കുന്ന മരങ്ങള്‍ ടൂറിസം ഹബ്ബിന്റെ റോഡിലൂടെ ലോറിയില്‍ കൊണ്ട് പോകുന്നതിന് എംവിഐപിയില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മലങ്കര എസ്റ്റേറ്റ് മാനേജര്‍ റോയി പറഞ്ഞു. മലങ്കര ടൂറിസം ഹബ്ബിന്റെ റോഡിലൂടെ മരങ്ങള്‍ ലോറിയില്‍ കൊണ്ടുപോകുന്നതിന് വാക്കാല്‍ അനുമതി നല്‍കിയിരുന്നതായി എംവിഐപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രജിത പറഞ്ഞു. ടിപ്പര്‍ ലോറിക്ക് കടന്ന് പോകാന്‍ വിധത്തില്‍ കയ്യാല ഇടിച്ച് നിരത്തുകയും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി അറിഞ്ഞപ്പോള്‍ വാക്കാല്‍ നല്‍കിയ അനുമതി പിന്‍വലിച്ചതായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!