IdukkiLocal Live

ജില്ലയില്‍ പാലിന് 4.05 കോടി രൂപ ഇന്‍സെന്റീവ് നല്‍കും

തൊടുപുഴ: ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി 4.05 കോടി രൂപ ഇന്‍സെന്റീവ് നല്‍കുമെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.മില്‍മ എറണാകുളം മേഖല യൂണിയന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ സംഭരിക്കുന്ന പാലിന് ഏഴു രൂപവീതം ഇന്‍സന്റീവായി നല്‍കുന്നത്. ജില്ലയിലെ 200-ല്‍പ്പരം ക്ഷീരസംഘങ്ങളില്‍ നിന്നു മില്‍മ സംഭരിക്കുന്നത് ഒരു ലക്ഷം ലിറ്റര്‍ പാലാണ്.

നാളെ മുതല്‍ സംഭരിക്കുന്ന പാലിന് കര്‍ഷകര്‍ക്ക് അഞ്ചു രൂപയും സംഘത്തിനു രണ്ടു രൂപയും എന്ന നിലയില്‍ ആകെ ഏഴു രൂപയാണ് ഇന്‍സന്റീവായി നല്‍കുന്നത്. ക്ഷീരമേഖലയുടെ ചരിത്രത്തില്‍ ഒരു മേഖല യൂണിയന്‍ നല്‍കുന്ന ഏറ്റവും കൂടിയ ഇന്‍സന്റീവാണിത്. ഇന്ത്യയില്‍ ആദ്യമായി എറണാകുളം മേഖല യൂണിയന്‍ നടപ്പാക്കുന്ന സമ്പൂര്‍ണ കന്നുകാലി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയും ഇതോടനുബന്ധിച്ചുള്ള മെഡിക്കല്‍ ക്യാമ്പും ടെലിമെഡിസിനും വ്യാപകമായ തോതില്‍ ജില്ലയിലെ സംഘങ്ങളില്‍ നടത്തിവരികയാണ്.ഇതിനു പുറമേ ഉല്‍പ്പാദന ഉപാധികള്‍ ഉള്‍പ്പെടെ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്നുണ്ട്.

മേഖലാ യൂണിയന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തില്‍ നിന്നും ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലായി ആയിരത്തില്‍പ്പരം പ്രാഥമിക ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി 25 കോടി രൂപ ചിലവഴിക്കുമെന്നും ചെയര്‍മാന്‍ എം.ടി. ജയന്‍ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന കാലിത്തീറ്റ വിലവര്‍ധന, ഉത്പാദന ചെലവിലെ വര്‍ധന, തീറ്റപ്പുല്‍ക്ഷാമം തുടങ്ങിയവമൂലം ക്ഷീരകര്‍ഷകര്‍ വലിയ ദുരിതം അനുഭവിക്കുമ്പോള്‍ എറണാകുളം മേഖലാ യൂണിയന്‍ അനുവദിച്ച അധിക ഇന്‍സന്റീവ് പദ്ധതി കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും. പാലിന് ഉയര്‍ന്ന വില ലഭിച്ചാല്‍ ക്ഷീരമേഖലയിലേക്ക് കൂടുതല്‍പേര്‍ കടന്നുവരാനും ഇതിടയാക്കും.

 

Related Articles

Back to top button
error: Content is protected !!