Idukkipolitics

അണക്കര വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കും : സംഗീത വിശ്വനാഥന്‍

ഇടുക്കി : ചില പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിലച്ചുപോയ അണക്കര വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഇടുക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.സംഗീതാ വിശ്വനാഥന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിമാനത്താവള നിര്‍മാണത്തിന് വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുള്ള പ്രദേശം എന്ന നിലയില്‍ ചെറു വിമാനങ്ങള്‍ ഇറങ്ങാവുന്ന ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് അണക്കരയില്‍ യാഥാര്‍ത്ഥ്യമാക്കും. 13 വര്‍ഷം മുന്‍പാണ് അണക്കരയില്‍ ചെറു വിമാനങ്ങള്‍ വന്നിറങ്ങുന്നതിനു സാധിക്കുന്ന തരത്തില്‍ എയര്‍ സ്ട്രിപ് നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കു തുടക്കമിട്ടത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും , എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും , പ്രതിരോധ വകുപ്പിന്റെയും അനുമതി ലഭിക്കുകയും വിവിധ സാങ്കേതിക പഠനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ചില കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയും പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തത്.

വലിയ വിമാനത്താവളം വരുമ്പോള്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും ആളുകളെ കുടിയിറക്കേണ്ടി വരും എന്നുമുള്ള പ്രചരണങ്ങള്‍ക്കൊടുവിലാണ് വിമാനത്താവള പദ്ധതി നിലച്ചു പോയത്. എന്‍ഡിഎയ്ക്ക് അവസരം ലഭിച്ചാല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. അണക്കരയില്‍ ഒരു ഡോമസ്റ്റിക് എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ ഇടുക്കിയുടെ ടൂറിസം കാര്‍ഷിക വ്യാപാര മേഖലയില്‍ എല്ലാം കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുവാന്‍ സാധിക്കുമെന്നും ഇടുക്കി തോപ്രാംകുടിയില്‍ ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അഡ്വ. സംഗീതാ വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു. ഇരട്ടയാര്‍ നെടുങ്കണ്ടം വാത്തിക്കുടി എന്നീ പഞ്ചായത്തുകളില്‍ ആയിരുന്നു ഇന്നലെ സ്ഥാനാര്‍ത്ഥി പര്യടനം നടത്തിയത്. രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥി മതസാമുദായിക നേതാക്കന്മാരെ നേരില്‍കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുകയും എന്‍ഡിഎ മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ചെയ്തു. ഇന്ന് കോതമംഗലം മണ്ഡലത്തിലെ പര്യടനം രാവിലെ 8:30ന് കോതമംഗലം നിന്നും ആരംഭിക്കും.

 

Related Articles

Back to top button
error: Content is protected !!