Kerala

സര്‍വകലാശാല വിസി നിയമനം ; ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും

തിരുവനന്തപുരം : സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.സര്‍വകലാശാല വി സി നിയമനത്തെ ചൊല്ലി വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്. ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് പുതിയ പോരിന് ഇടയാക്കുന്നത്.

സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെ ഗവര്‍ണര്‍ ന്യായീകരിച്ചു. കേരളത്തിലെ പത്തിലധികം സര്‍വകലാശാലകളില്‍ വി.സിമാരില്ല. തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. വി.സി നിയമനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിട്ടിട്ടില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പുതിയ സെര്‍ച്ച് കമ്മിറ്റികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍വകലാശാലകള്‍ സിന്‍ഡിക്കേറ്റ് തലത്തില്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

Related Articles

Back to top button
error: Content is protected !!