Thodupuzha

ഐക്യമല അരയ മഹാസഭയ്ക്ക് പുതിയ ഭാരവാഹികള്‍

തൊടുപുഴ: ഐക്യ മല അരയ മഹാസഭ സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി സി.ആര്‍.ദിലീപ്കുമാര്‍, ജനറല്‍ സെക്രട്ടറിയായി പി.കെ സജീവ് എന്നിവരെ തിരഞ്ഞെടുത്തു. നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ.കെ. വിജയന്‍, ഷൈലജ നാരായണന്‍ (വൈസ് പ്രസിഡന്റുമാര്‍), എ.എം.പത്മാക്ഷി, പി.എന്‍.മോഹനന്‍ (സെക്രട്ടറിമാര്‍), എം.ബിരാജന്‍ (ട്രഷറര്‍), പി.കെ.നാരായണന്‍ (രക്ഷാധികാരി) എന്നിവരെയും 14 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. വിവിധ പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായ ഡോ: സി.കെ. സ്മിത, പ്രൊഫ. വി.ജി. ഹരീഷ് കുമാര്‍, പ്രൊഫ. സ്വാതി.കെ.ശിവന്‍, പ്രൊഫ. അരുണ്‍ നാഥ് എന്നിവരെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായി നോമിനേറ്റ് ചെയ്തു. വിവിധ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയം ജനറല്‍ ബോഡി അംഗീകരിച്ചു. സംഘടനക്ക് മല അരയ മഹാസഭ എന്ന ചുരുക്ക പേര് സ്വീകരിക്കാനും സഭയുടെ ആസ്ഥാന മന്ദിരവും, പൈതൃക ആരാധനാ മന്ദിരവും നിര്‍മ്മിക്കുവാനും യോഗം തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൗതിക സൗകര്യങ്ങളൊരുക്കാന്‍ മൂന്നു കോടി 10 ലക്ഷം രൂപയും, ആസ്ഥാന മന്ദിരത്തിനും പൈതൃക ആരാധന മന്ദിരത്തിനും 25 ലക്ഷം രൂപ വീതവും ഉള്‍പ്പെടുന്ന മൂന്നു കോടി 75 ലക്ഷം രൂപയുടെ ബജറ്റിനും യോഗം അംഗീകാരം നല്‍കി.

 

Related Articles

Back to top button
error: Content is protected !!