Newdelhi

ഭിക്ഷയാചിക്കാന്‍ വന്നതല്ല, അവകാശമാണ് ചോദിക്കുന്നത് : കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള സര്‍ക്കാര്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരവേദയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഭിക്ഷ യാചിക്കാന്‍ വന്നതല്ലെന്നും അവകാശമാണ് ചോദിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിന്റെ ഫണ്ടും കേന്ദ്രം തടഞ്ഞുവച്ചു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റേത് ധിക്കാരമാണെന്നും വിമര്‍ശിച്ചു. കേരള സര്‍ക്കാര്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ വേദിയിലെത്തി പിന്തുണ അറിയിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരത് പാവാര്‍, കപില്‍ സിബല്‍, ഫാറൂഖ് അബ്ദുള്ള, ഡിഎംകെ , സമാജ് വാദി പാര്‍ട്ടി, ജെഎംഎം, ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ വിവിധ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.

ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നതിനിടെ ഖാര്‍ഗെ പിന്തുണ അറിയിച്ചിരുന്നു . കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. കേരളം ഉള്‍പ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങള്‍ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. സര്‍ക്കാര്‍ ശ്രമം പരാജയങ്ങള്‍ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മോദി ഭരണത്തില്‍ നേട്ടം ഉണ്ടായത് മുതലാളിമാര്‍ക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേന്ദ്ര നയങ്ങള്‍ക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം.

Related Articles

Back to top button
error: Content is protected !!