National

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ജനുവരി 22ന് 15 സംസ്ഥാനങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന ജനുവരി 22ന് 15 സംസ്ഥാനങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ഛണ്ഡിഗഡും അവധി പ്രഖ്യാപിച്ചതില്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഛണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളില്‍ 22ന് വൈകുന്നേരം വരെ അവധിയായിരിക്കും. ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയാണ് അവധി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവകള്‍ക്കൊക്കെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയില്‍ അന്ന് മദ്യശാലകള്‍ക്കും അവധിയായിരിക്കും.രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാരം വിറ്റ സംഭവത്തില്‍ ആമസോണിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പന്നം വില്‍ക്കാന്‍ ശ്രമിച്ചതിനാണ് നടപടി. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ആമസോണ്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നുമാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പരാതിയില്‍ പറയുന്നത്. നിരവധി പേരാണ് മധുരപലഹാരം ആമസോണില്‍ നിന്ന് വാങ്ങിയത്. എന്നാല്‍, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തില്‍ പ്രസാദം വില്‍ക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരില്‍ തെറ്റായ അവകാശവാദമുന്നയിച്ച് ഉല്‍പ്പനം വില്‍ക്കുകയാണെന്നാണ് പരാതി. തുടര്‍ന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.

അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിനുള്ള കല്ല് സംഭാവന നല്‍കിയെങ്കിലും ദളിത് കര്‍ഷകന് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. കര്‍ണാടകയിലെ മൈസൂരില്‍ താമസിക്കുന്ന രാംദാസ് എന്ന കര്‍ഷകനെയാണ് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. രാംദാസിന്റെ ഭൂമിയില്‍ നിന്ന് കണ്ടെത്തിയ കൃഷ്ണശില കല്ലുകള്‍ കൊണ്ടാണ് രാംലല്ല വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. 2.14 ഏക്കര്‍ ഭൂമിയിലെ പാറകള്‍ കൃഷിക്കായി നീക്കുമ്പോള്‍ കൃഷ്ണശിലക്കല്ലുകള്‍ കണ്ടെത്തുകയായിരുന്നു എന്ന് രാംദാസ് പറയുന്നു. ദിവസങ്ങള്‍ നീണ്ട അധ്വാനത്തിനു ശേഷം ഇത് കുഴിച്ചെടുത്തു. കല്ലുകള്‍ തങ്ങളുടെ പക്കലുണ്ടെന്നറിഞ്ഞതോടെ രാംലല്ല വിഗ്രഹം നിര്‍മിച്ച ശില്പി അരുണ്‍ യോഗിരാജ് കര്‍ഷകനെ സമീപിച്ചു. കല്ലുകള്‍ പരിശോധിച്ച അരുണ്‍ ഇത് രാംലല്ലയ്ക്ക് പറ്റിയതാണെന്ന് കര്‍ഷകനെ അറിയിക്കുകയും കര്‍ഷകന്‍ കല്ല് സംഭാവന നല്‍കുകയുമായിരുന്നു.

Related Articles

Back to top button
error: Content is protected !!