National

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും, നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരും

ന്യുഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ മുതല്‍ തന്നെ ദര്‍ശനം തുടങ്ങും. പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി മാത്രമായിരുന്നു ഇന്നലെ ദര്‍ശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികളും തുടരും. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഏകദേശം രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രതിഷ്ഠാ ചടങ്ങിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നീണ്ട തപസ്യക്കൊടുവില്‍ അയോധ്യയില്‍ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികില്‍ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിര്‍മാണം വൈകിയതില്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓര്‍ത്തുവയ്ക്കും. ഇത് വൈകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോള്‍ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനില്‍ സമര്‍പ്പിച്ചു.കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി. പല ഭാഷകളില്‍ രാമായണം കേട്ടു. വിജയത്തിന്റെ മാത്രമല്ല വിനയത്തിന്റേത് കൂടിയാണ് ഈയവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വര്‍ഷങ്ങളിലേക്കുള്ള രാഷ്ട്ര നിര്‍മ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!