National

അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം ; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന്‍ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചിന്ത, വിഞ്ജാനം, അപഗ്രഥനം , വിശകലനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദേശത്തിന് ഒരു അടിസ്ഥാനവുമില്ല.

ഹര്‍ജിക്കാര്‍ ആരെയാണ് കണ്ണടച്ച് അവിശ്വസിക്കുന്നതെന്നും കോടതി ചോദിച്ചു. മൈക്രോ കണ്‍ട്രോളര്‍ വേണണെങ്കില്‍ പരിശോധിക്കാനുള്ള ആവശ്യം വോട്ടെണ്ണലിന് ശേഷം ഉന്നയിക്കാം. ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥി വഹിക്കണം. ഫലം വന്ന് ഏഴ് ദിവസത്തിന് ശേഷം അപേക്ഷ നല്‍കാമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു. വിവിപാറ്റ് ഹര്‍ജികള്‍ പരിഗണിക്കവേ തെരഞ്ഞെടുപ്പുകളുടെ നിയന്ത്രണാധികാരം തങ്ങള്‍ക്കല്ലെന്ന് സുപ്രിംകോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ അനുശാസിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞിരുന്നു. ഹര്‍ജി സമര്‍പ്പിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.

Related Articles

Back to top button
error: Content is protected !!