ChuttuvattomThodupuzha

കാഡ്‌സ് ഗ്രീന്‍ഫെസ്റ്റ് 2024: നാളെ മുതല്‍

തൊടുപുഴ: മേടമാസത്തിലെ പത്താമുദായത്തോടനുബന്ധിച്ച് കാഡ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍ഫെസ്റ്റ്-വിത്ത് മഹോത്സവം ഏപ്രില്‍ 22ന് ആരംഭിക്കും. കൃഷി ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയത്ത് വിത്തുകളും നടീല്‍ വസ്തുക്കളും കര്‍ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഡ്‌സ് വിത്ത് മഹോത്സവം സംഘടിപ്പിക്കുന്നത്. വെങ്ങല്ലൂര്‍ – മങ്ങാട്ടുകവല ബൈപ്പാസിലുള്ള കാഡ്‌സ് വില്ലേജ് സ്‌ക്വയര്‍ അങ്കണത്തിലാണ് വേദി ഒരുക്കിയിട്ടുള്ളത്. 22ന് തിങ്കളാഴ്ച വൈകിട്ട് 5ന് കാഡ്സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പി.ജെ ജോസഫ് എംഎല്‍എ ഗ്രീന്‍ഫെസ്റ്റിന് തിരിതെളിക്കും സൗജന്യ ഇളനീര്‍ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിക്കും. തരിശായിക്കിടക്കുന്ന കൃഷിഭൂമി ഏറ്റെടുത്ത് ശാസ്ത്രീയവും വാണിജ്യ പ്രാധാന്യമുള്ളതുമായ കൃഷിയിറക്കുന്ന ‘ഹരിതം മധുരം’ പദ്ധതിയുടെ ഉദ്ഘാടനം ഫാ. സ്റ്റാന്‍ലി കുന്നേല്‍ നിര്‍വ്വഹിക്കും. കാലി വളര്‍ത്തല്‍ മേഖലയില്‍ മികവ് തെളിയിച്ച കുട്ടിക്കര്‍ഷകരായ മാത്യു, ജോര്‍ജ് എന്നിവരെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി രാജശേഖരന്‍ ആദരിക്കും. വിവിധ സാമൂഹ്യസംഘടന നേതാക്കള്‍ ആശംസകള്‍ നേരും.
കൃഷി ലാഭകരമാക്കാനുള്ള സാധ്യതകള്‍ തേടിയുള്ള സെമിനാറുകളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്യാമ്പുകളും 80% വരെ സബ്‌സീഡി ലഭിക്കുന്ന കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും പെരുമ്പളം ശ്രീകുമാറിന്റെ ഹൈബ്രിഡ് പച്ചക്കറി തൈകളുടെ ശേഖരവും ചക്ക വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നാടന്‍ ഭക്ഷ്യമേളയും ഗ്രീന്‍ഫെസ്റ്റിന്റ ഭാഗമാണ്.

കുട്ടികള്‍ക്ക് ഉല്ലസിക്കുന്നതിനായി ചില്‍ഡ്രന്‍സ് പാര്‍ക്കും ഇലക്ട്രിക് കാറുകളിലും ബൈക്കിലും സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഗാര്‍ഹിക മാലിന്യം സംസ്‌കരിക്കുന്നതിനുള്ള യൂണിറ്റുകളുടെ പ്രദര്‍ശനം, മുപ്പതോളം വിപണന സ്റ്റാളുകള്‍, ഓര്‍ക്കിഡ് ആന്തൂറിയം, ഇന്‍ഡോര്‍പ്ലാന്റ് എന്നിവയുള്‍പ്പെടെ,പതിനായിരക്കണക്കിന് ഫലവൃക്ഷതൈകളും കിഴങ്ങുവര്‍ഗ്ഗങ്ങളും പച്ചക്കറി തൈകളും ജൈവവളങ്ങളും കാര്‍ഷികോപകരണങ്ങളുമാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
23ാം തീയതി രാവിലെ 10ന് ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, നെഫ്രോളജി, ഓര്‍ത്തോപീഡിക്‌സ് എന്നിവ ഉള്‍പ്പെടുത്തിയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന് ചാഴികാട്ട് ഹോസ്പിറ്റല്‍ നേതൃത്വം നല്‍കും. രാവിലെ 10.30 ന് സൗജന്യ തെങ്ങിന്‍ തൈ വിതരണത്തോടൊപ്പം ശാസ്ത്രീയ തെങ്ങ് കൃഷിയും പരിപാലനവും എന്ന വിഷയത്തില്‍ റിട്ട. അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ ബെഞ്ചമിന്‍ ക്ലാസ് എടുക്കും. 24ന് 10 മണിക്ക് പ്രകൃതി ചികിത്സയും ആയുര്‍വേദവും ഉള്‍പ്പെടുത്തിയുള്ള മെഡിക്കല്‍ ക്യാമ്പിന് പാലാ മാര്‍സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ നേതൃത്വം നല്‍കും. 24ന് 10.30ന് മണ്ണിന്റെ ആരോഗ്യ പരിപാലനത്തിലൂടെ അധിക വിളവ് എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് നടക്കും. റിട്ട. ജോ. ഡയറക്ടര്‍ സജിമോള്‍ വി.കെ നേതൃത്വം നല്‍കും. 25ന് രാവിലെ 10ന് ദന്തരോഗ നിര്‍ണയക്യാമ്പ് നടക്കും. അല്‍ – അസര്‍ മെഡിക്കല്‍ കോളേജ് നേതൃത്വം നല്‍കും. 10 30 ന് ”ഒരു ലക്ഷം രൂപ മുടക്കി ഒരു സംരംഭം തുടങ്ങാം” എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസമ്മ സാമുവേല്‍ ക്ലാസ്സെടുക്കും. 26)ീ തീയതി വെള്ളിയാഴ്ച ഹോളി ഫാമിലി ആശുപത്രിയുടെ നേതൃത്വത്തില്‍ നേത്ര പരിശോധന ജനറല്‍ മെഡിസിന്‍ -ക്യാമ്പ് നടക്കും. 27 ശനിയാഴ്ച 10.30 ന് ചെറുതേനീച്ച കൃഷി ക്ലാസ് നടക്കും. തേനീച്ച വളര്‍ത്തല്‍ പരിശീന കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ സാജന്‍ ജോസ്. കെ ക്ലാസ് എടുക്കും..
ഗ്രീന്‍ഫെസ്റ്റ് നഗരിയിലേക്കുള്ള പ്രവേശനവും സെമിനാര്‍ മെഡിക്കല്‍ ക്യാമ്പുകളും സൗജന്യമാണ്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു കറിവേപ്പിന്‍ തൈ അല്ലെങ്കില്‍ ഒരു പായ്ക്കറ്റ് പച്ചക്കറിവിത്ത് ഗിഫ്റ്റായി നല്‍കും.

Related Articles

Back to top button
error: Content is protected !!