ChuttuvattomThodupuzha

ഗുരുസ്മരണ ഉയര്‍ത്തി നാടെങ്ങും ചതയ ദിനാഘോഷം

തൊടുപുഴ: തൊടുപുഴ നഗരത്തെ പീത സാഗരമാക്കി 169-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം. ഉച്ചക്ക് രണ്ടരയോടെ മങ്ങാട്ടുകവലയില്‍ നിന്നാരംഭിച്ച മഹാ ഘോഷയാത്രയില്‍ യൂണിയന് കീഴിലെ 46 ശാഖകളില്‍ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പ്ലോട്ടുകള്‍ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിലായിരുന്നു ജയന്തി ആഘോഷം സംഘടിപ്പിച്ചത്. പീത വര്‍ണക്കൊടികളുമേന്തി പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉച്ചരിച്ച് ഇരുവരിയായി നീങ്ങിയ ഘോഷയാത്രക്ക് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങള്‍, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, രവിവാര പാഠശാല, എംപ്ലോയീസ് ഫോറം, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍, വൈദികയോഗം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

ഘോഷയാത്രയില്‍ അവതരിപ്പിച്ച മത മൈത്രി വിളിച്ചോതുന്ന നാരീ രൂപങ്ങള്‍, മഹാബലി, വാമനന്‍, ശിവന്‍, ഭാരതാംബ, സ്വാമി വിവേകാന്ദന്‍, ചട്ടമ്പിസ്വാമികള്‍, ഡോ. പല്‍പ്പു തുടങ്ങിയവ ശ്രദ്ധേയമായി. മഞ്ഞക്കുടകളുമേന്തി ശ്രീനാരായണ സൂക്തങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡും പിടിച്ചാണ് പലരുമെത്തിയത്. ശിവഗിരി, ഗുരുദേവ ക്ഷേത്രം, വയല്‍വാരം വീട് എന്നിവയുടെ മാതൃകകളായി അലങ്കരിച്ച വാഹനങ്ങള്‍, നൃത്തരൂപങ്ങളും നാമജപവും ഘോഷയാത്രക്ക് കൊഴുപ്പേകി. തൊടുപുഴ യൂണിയന്‍ ഓഫീസ് ഗുരുസന്നിധിയില്‍ വൈക്കം ബെന്നി ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ഗുരുപൂജയും സമൂഹ പ്രാര്‍ഥനയും നടത്തി. യൂണിയന്‍ ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍ പതാക ഉയര്‍ത്തി.

മുനിസിപ്പല്‍ മൈതാനത്തെ ശ്രീനാരായണ നഗറില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയ്ക്ക് ശേഷം നടന്ന ജയന്തി സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എല്‍.എ ജയന്തി സന്ദേശം നല്‍കി. ഡോ. എം.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ഡോവ്‌മെന്റ്, വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡ് വിതരണം, സമ്മാനദാനം എന്നിവ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്‍, സ്‌കൂള്‍ മാനേജര്‍ സി.പി. സുദര്‍ശനന്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ പി.ടി. ഷിബു, കെ.കെ. മനോജ്, എ.ബി. സന്തോഷ്, സ്മിത ഉല്ലാസ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ ലീഗിന്‍ പി. ഗോപിനാഥ്, എംപ്ലോയീസ് ഫോറം പ്രസിഡന്റ് സി.കെ. അജിമോന്‍, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് ഗിരിജാ ശിവന്‍, എസ്.എന്‍.ഡി.പി വൈദികയോഗം യൂണിയന്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രന്‍ ശാന്തി, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കണ്‍വീനര്‍ വിനീത് മുട്ടം, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി.പി. ബാബു, എംപ്ലോയീസ് ഫോറം സെക്രട്ടറി എം.എന്‍. പ്രദീപ്കുമാര്‍, യൂണിയന്‍ കണ്‍വീനര്‍ വി.ബി. സുകുമാരന്‍, രവിവാര പാഠശാല ചെയര്‍മാന്‍ പി.ടി. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!