ChuttuvattomCrimeThodupuzha

ഡിഫൻസ് ഉദ്യോഗസ്ഥനായി തട്ടിപ്പ് : പ്രതി മാനസിക രോഗി എന്ന് പോലീസ്

തൊടുപുഴ: എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെ കൂടാതെ ക്വാറികളിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞും തട്ടിപ്പ് നടത്തിയതായി വിവരം. തൊടുപുഴയ്ക്കടുത്ത് ഇഞ്ചിയാനിയിലുള്ള ക്വാറിയിലാണ് ഡിഫൻസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ കോലഞ്ചേരി ഐക്കരനാട് പാത്തിക്കല്‍ പി.എം.പോളാ( 61) ഫീൽഡ് മാർഷൽ, യൂണിയൻ ഡിഫൻസ് അഡ്മിനിസ്‌ട്രേഷൻ റിപ്പബ്ളിക് ഇന്ത്യ എന്ന ബോർഡ് വച്ച് അഞ്ച് നക്ഷത്രവും അശോക സ്തംഭവും സ്ഥാപിച്ച കാറിൽ എത്തിയത്. കേരളത്തിലെ ക്വാറികളെല്ലാം ഡിഫൻസ് ഏറ്റെടുക്കുകയാണെന്നും അതിന് മുന്നോടിയായുള്ള പ്രാഥമിക പരിശോധനയ്ക്കാണ് എത്തിയതെന്നും ക്വാറി ഉടമയോട് പറഞ്ഞു. പണം തന്നാൽ ഏറ്റെടുക്കുന്ന ലിസ്റ്റിൽ നിന്ന് ഈ ക്വാറി ഒഴിവാക്കി തരാമെന്ന വാഗ്ദാനവും ഇയാൾ നൽകി. എന്തായാലും അടുത്ത ദിവസം ബന്ധപ്പെടാം എന്ന് പറഞ്ഞാണ് ക്വാറി ഉടമ ഇയാളെ മടക്കിയത്. ഇയാൾ മടങ്ങിയ ശേഷം തട്ടിപ്പിനായി എത്തുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങളടക്കം  പോലീസിനെ അറിയിച്ചു. കാർ നമ്പർ വച്ച് നടത്തിയ അന്വേഷണത്തിൽ ഉടമ തന്നെയാണ് തട്ടിപ്പിനെത്തിയതെന്ന് കണ്ടെത്തി. മൊബൈൽ നമ്പർ കണ്ടെത്തി വിവരങ്ങൾ അന്വേഷിച്ച പോലീസ്‌ ഉദ്യോഗസ്ഥനെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും അറിയിക്കുമെന്നും ഐ.പി.എസില്ലാത്ത ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ തന്നെ വിളിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നും അതിന് നടപടി നേരിടേണ്ടി വരുമെന്നും പറഞ്ഞായിരുന്നു ഭീഷണി. വിശദമായി നടത്തിയ അന്വേഷണത്തിൽ ഇയാൾ മാനസികമായി സ്ഥിരത ഇല്ലാത്തയാളെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇയാൾ മറ്റെവിടെ നിന്നെങ്കിലും ഇത്തരത്തിൽ പണം തട്ടിയെടുത്തിട്ടുണ്ടോയെന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്‌ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!