Kerala

നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും : മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ജൂലൈ ഒന്നിന് തുടക്കമാവും. ഒന്നാംവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് വിജ്ഞാനോത്സവം ആയി സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ആഘോഷിക്കുമെന്ന് മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വിദ്യാര്‍ത്ഥികളെ ക്യാമ്പസുകളില്‍ വരവേല്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ മന്ത്രി ഒഴിഞ്ഞുമാറി. മന്ത്രി ക്ലാസ് എടുക്കുന്നത് ചട്ടലംഘം എന്ന പരാതിയുമായി രംഗത്ത് വന്ന സേവ് യൂണിവേഴ്‌സിറ്റി ഫോറത്തെ മന്ത്രി വിമര്‍ശിച്ചു. വിവാദം അനാവശ്യമെന്നും താന്‍ ഓറിയന്റേഷന്‍ മാത്രമാണ് നല്‍കുന്നതെന്നും ക്ലാസെടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നാല് വര്‍ഷ ബിരുദത്തെ പറ്റിയുള്ള അവബോധമാണ് നല്‍കുന്നത്. ഇത് അക്കാദമിക് ക്ലാസല്ല. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും, താല്പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് ക്യാപ്സ്റ്റോണ്‍ പ്രൊജക്റ്റ് ഉള്ള ഓണേഴ്‌സ് ബിരുദം നേടാനും, റിസര്‍ച്ച് താല്പര്യം ഉള്ളവര്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാം ഘടന. ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകില്ല. ഏകീകൃത അക്കാദമിക് കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് നാലുവര്‍ഷ ബിരുദ പരിപാടിയില്‍ ക്ലാസ് ആരംഭിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും തുടര്‍ വിദ്യാഭ്യാസവുമടക്കം ഉള്‍ക്കൊള്ളുന്ന സമഗ്ര പരിഷ്‌കരണമാണ് ഇത്. ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാര്‍ത്ഥിക്കും സ്വന്തം അഭിരുചികള്‍ അനുസരിച്ച് വിവിധ വിഷയങ്ങളുടെ കോമ്പിനേഷന്‍ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന രൂപകല്പന ചെയ്യാനാവും. വിദ്യാര്‍ത്ഥി നേടുന്ന ക്രെഡിറ്റുകള്‍ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാന്‍ഫര്‍ സംവിധാനങ്ങളായ യൂറോപ്യന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം (ഇസിടിഎസ് ) ആയിട്ടും അമേരിക്കന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനമായിട്ടും കൈമാറ്റം സാധ്യമാകും.

 

Related Articles

Back to top button
error: Content is protected !!