ChuttuvattomThodupuzha

വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം സമാപിച്ചു.  നവരാത്രി ദിവസമായ ഞായറാഴ്ച മുതല്‍ സമാപന ദിവസമായ ചൊവ്വാഴ്ച വരെ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.  പ്രഗത്ഭ വ്യക്തിത്വങ്ങളും മേല്‍ശാന്തിമാരും കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. ഒന്നാംദിവസം  അപര്‍ണ മാരാര്‍, ഹൃദ്യ ഹരീഷ് എന്നിവരുടെ ഡാന്‍സും തിരുവാതിര, കോല്‍കളി എന്നിവയും രണ്ടാം ദിവസവും  മൂവാറ്റുപുഴ നാദബ്രഹ്‌മ മ്യൂസികിന്റെ ഭക്തിഗാനസുധയും  ധ്രുവ്കൃഷ്ണയുടെ കീബോര്‍ഡും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തിഗാനസുധയും ഭജനയും മോഹിനിയാട്ടവും തിരുവാതിരയും സംഗീതാരാധനയും പരിപാടികള്‍ക്ക് മാറ്റുകൂട്ടി. വിജയദശമി ദിവസം രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം തൊടുപുഴ സ്വരലയ കലാലയത്തിലെ 60 ല്‍ പരം കുട്ടികളും അധ്യാപകരും പങ്കെടുത്ത സംഗീതാരാധന നടന്നു. രാവിലെ 7.15 മുതല്‍ നൂറുകണക്കിന് കുട്ടികള്‍ ഭഗവാന്റെ നടയില്‍ ആദ്യാക്ഷരം കുറിച്ചു. വന്‍ ഭക്തജനാവലിയാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. പരിപാടികള്‍ക്ക് ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍, മാനേജര്‍ ബി. ഇന്ദിര, ഭാരവാഹികളായ കെ.ആര്‍. വേണു, സി.സി. കൃഷ്ണന്‍, സി. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നാഗപ്പുഴ: ശാന്തുകാട് ശ്രീ ദുർഗ്ഗാ ഭദ്രാ ശാസ്താ നാഗ ദേവീക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി അതിവിപുലമായി ആഘോഷിച്ചു. ദുർഗ്ഗാഷ്ടമി ദിനത്തിൽ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ വിശേഷ പൂജയും പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കലും നടന്നു. മഹാനവമി ദിനത്തിൽ ദേവീ പൂജ, വിശേഷ ദീപാരാധന എന്നിവ നടന്നു. വിജയദശമി ദിനത്തിൽ രാവിലെ ഗണപതി ഹോമം, സരസ്വതീപൂജ എന്നിവയ്ക്ക് ശേഷം മേളപ്രമാണി മുത്തോലപുരം രജീഷിന്റെ നേതൃത്വത്തിൽ വാദ്യാർച്ചന, നയന വി. റെജി, നന്ദന വി.റെജി എന്നിവർ ചേർന്ന് നടത്തിയ സംഗീതാർച്ചന, തുടർന്ന് വിദ്യാഗോപാല മന്ത്രാർച്ചന എന്നിവ നടന്നു. 8.30 മുതൽ സരസ്വതീ മണ്ഡപത്തിൽ തൃപ്രയാർ, എൻ.ഇ.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. റെജി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങ് നടത്തി. നിരവധി കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. 10ന് പ്രസിദ്ധ പ്രഭാഷകയും ഏറ്റുമാനൂരപ്പൻ കോളേജിലെ പ്രൊഫസറുമായ സരിത അയ്യർ ജ്ഞാന പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ടോടെ ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾക്ക് വിരാമമായി.

Related Articles

Back to top button
error: Content is protected !!