IdukkiLocal Live

ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ; ഇനി വിശുദ്ധ വാരാചരണം

ഇടുക്കി : ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു. ഇനി പ്രാര്‍ഥനയുടെയും, വിശ്വാസ ഒത്തുചേരലിന്റെയും വലിയ ആഴ്ച. ജില്ലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന തിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ നടന്നു. യേശുവിന്റെ രാജകീയമായ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് കുരുത്തോലകളുമായി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കാളികളായി. ഇനി പെസഹയും, ദുഃഖവെള്ളി ആചരണവും കടന്ന് ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തിലേക്ക് കടക്കുന്നതോടെ അമ്പത് നോമ്പിനും പരിസമാപ്തിയാകും.

വിവിധ ദേവാലയങ്ങളില്‍ ഇന്നലെ രാവിലെ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വി.കുര്‍ബാന എന്നിവ നടന്നു. വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഓശാന തിരുനാളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോനാ ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ വികാരി ഫാ.ജോണ്‍ പടിപ്പുര, കല്ലാര്‍ മേരിഗിരി ദേവാലയത്തില്‍ വികാരി ഫാ.കുരുവിള അഗസ്റ്റിന്‍, മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോനാ ദേവാലയത്തില്‍ വികാരി ഫാ.തോമസ് ഞള്ളിയില്‍, തൂക്കുപാലം സെന്റ് ആന്റണീസ് ദേവാലയത്തില്‍ വികാരി ഫാ.തോമസ് ശൗര്യാംകുഴി, എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ വികാരി ഫാ.ജോര്‍ജ് പാട്ടത്തെകുഴി, രാമക്കല്‍മേട് മര്‍ത്തമറിയം മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.സൈജു കുര്യന്‍, തേര്‍ഡ്ക്യാമ്പ് സെന്റ് ജോസഫ് പള്ളിയില്‍ ഫാ.വര്‍ഗീസ് മണിയമ്പ്രയില്‍, എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

കട്ടപ്പന : കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോനാ ദേവലായത്തില്‍ നടന്ന ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് ഫൊറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് വടക്കേപീടിക, ഫാ. നോബി വെള്ളാപ്പള്ളി തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

മറയൂര്‍: അഞ്ചു നാട്ടിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് രാവിലെ കുരുത്തോല പ്രദക്ഷിണവും ദിവ്യബലിയും നടന്നു. നുറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മറയൂര്‍ നഗരത്തില്‍ നിന്നും ബാബുനഗര്‍ ദേവാലയത്തിലേക്ക് നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത കുരുത്തോല പ്രദക്ഷിണം നടന്നു. സഹായ ഗിരി സെന്റ് മേരീസ് ദേവാലയം, പയസ് നഗര്‍ പയസ് സെന്റ് പയസ് ദേവാലയം, കാന്തല്ലൂര്‍ വേളാങ്കണ്ണി മാതാ ദേവാലയം, കാന്തല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ ദേവാലയം, ദിണ്ഡു കൊമ്പ് സെന്റ് ജൂഡ് ദേവാലയം, കോവില്‍ കടവ് സെന്റ്.ജോര്‍ജ് യാക്കോബായ ദേവാലയം എന്നിവിടങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും ദിവ്യബലിയും നടന്നു.

അടിമാലി: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഹൈറേഞ്ച് മേഖലാ മെത്രാപ്പാേലീത്ത ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്, വികാരി ഫാ. എല്‍ദോസ് കുറ്റപ്പാല കോര്‍- എപ്പിസ്‌കോപ്പ, സഹ വികാരി ഫാ. ബേസില്‍ പുളിഞ്ചോട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുശ്രൂഷകള്‍ നടന്നു.അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയില്‍ വികാരി ഫാ. ജോസഫ് കൊച്ചുകുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു.
ഇരുമ്പുപാലം സെന്റ് ആന്റ്ണീസ് ദേവാലയത്തില്‍ നടന്ന ഓശാന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് പാലക്കുടി നേതൃത്വം നല്‍കി. ഇരുമ്പുപാലം ടൗണ്‍ കുരിശുപള്ളിയില്‍ നിന്നും ആരംഭിച്ച കുരുത്തോല പ്രദിക്ഷണത്തില്‍ നുറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ നടന്ന ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവകവികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

Related Articles

Back to top button
error: Content is protected !!