IdukkiThodupuzha

ക്രിസ്മസ്, പുതുവത്സരാഘോഷം: ലഹരിക്കടത്ത് തടയാന്‍ എക്‌സൈസ്

തൊടുപുഴ: ക്രിസ്മസ്, പുതുവത്സരാഘോഷം കണക്കിലെടുത്തുള്ള ലഹരിക്കടത്തിന് തടയിടാന്‍ അതീവ ജാഗ്രതയോടെ എക്‌സൈസ്. വ്യാജമദ്യവും മറ്റ് ലഹരി വസ്തുക്കളുടെ കടത്തും വിപണനവും ഉപയോഗവും തടയാന്‍ സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചതായി ഇടുക്കി അസി.എക്‌സൈസ് കമ്മീഷണര്‍ കെ.കാര്‍ത്തികേയന്‍ പറഞ്ഞു. ഈ മാസം അഞ്ചിന് ആരംഭിച്ച സ്‌പെഷല്‍ ഡ്രൈവ് ജനുവരി മൂന്നു വരെ തുടരും. ഇതിന്റെ ഭാഗമായി അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കി. വ്യാജ വാറ്റിനു സാധ്യതയേറിയ മലയോര, വന, തോട്ടം മേഖലകളില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി പാര്‍ട്ടികള്‍ അരങ്ങേറാന്‍ സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. പോലീസ്, റവന്യു, വനം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകളും നടത്തും.നേരത്തെ വാഗമണ്ണിലും മറ്റും നടന്ന ലഹരിപാര്‍ട്ടികളില്‍ നിന്നും എംഡിഎംഎ ഉള്‍പ്പെടെ പിടികൂടിയിരുന്നു. മദ്യ -ലഹരിമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യം, ലഹരിമരുന്ന് എന്നിവ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയോഗിച്ചു. ലൈസന്‍സ് സ്ഥാപനങ്ങളില്‍ നിന്നല്ലാതെ ആരും മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും വ്യാജമദ്യ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മരണത്തിനും വരെ ഇടയാക്കാമെന്നും എക്‌സൈസ് മുന്നറിയിപ്പ് നല്‍കുന്നു.

 

Related Articles

Back to top button
error: Content is protected !!