ChuttuvattomThodupuzha

നഗരത്തിലെ ശുചിമുറികള്‍ അടച്ചുപൂട്ടി: ജനം ദുരിതത്തില്‍

തൊടുപുഴ: ഏറെ തിരക്കനുഭവപ്പെടുന്ന നഗരഹൃദയത്തില്‍ നഗരസഭയുടെ രണ്ട് ശുചിമുറികള്‍ അടഞ്ഞുകിടക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. തൊടുപുഴ നഗരസഭാ ഓഫീസിന് എതിര്‍വശത്തെ മുനിസിപ്പല്‍ പാര്‍ക്കിലെ സ്ത്രീസൗഹൃദ ശുചിമുറിയും ജ്യോതി സൂപ്പര്‍ ബസാറിന് എതിര്‍വശത്തുള്ള ടാക്സി സ്റ്റാന്‍ഡിലെ പൊതു ശുചിമുറിയുമാണ് നാളുകളായി അടഞ്ഞു കിടക്കുന്നത്. അറ്റകുറ്റപ്പണിക്കെന്ന പേരിലാണ് ശുചിമുറികള്‍ അടച്ചുപൂട്ടിയത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാവശ്യമായ യാതൊരു നടപടികളും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നത്. കൂടാതെ അവധിക്കാലമായതിനാല്‍ പാര്‍ക്കിലും കുടുംബത്തോടെ ആളുകള്‍ എത്തുന്നതിനാല്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. ടാക്സി സ്റ്റാന്‍ഡിലെ ശുചിമുറി പൊതുജനങ്ങള്‍ക്കു പുറമേ ഡ്രൈവര്‍മാരും ഉപയോഗിക്കുന്നതാണ്. ഇതിനു സമീപത്തെങ്ങും മറ്റു ശുചിമുറികളില്ല. ഗാന്ധി സ്‌ക്വയറിനു സമീപം ടൗണ്‍ ഹാളിനോടു ചേര്‍ന്നാണ് ശുചിമുറിയുള്ളത്. ഇവിടെവരെ നടന്ന് എത്തിയാലേ ഇത് ഉപയോഗിക്കാന്‍ കഴിയു.

എന്നാല്‍ സാമൂഹ്യവിരുദ്ധ താവളമായ ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്. ജ്യോതി ബസാറിന് എതിര്‍വശമുള്ള ശുചിമുറി നടത്തിപ്പിന് കരാര്‍ കൊടുക്കുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ടായെന്നും പാര്‍ക്കിലെ ശൗചാലയം നഗരസഭ ധനകാര്യ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ശേഷം തുറന്നുകൊടുക്കാനാണ് തീരുമാനം. എന്നാല്‍ രണ്ടു ശുചിമുറികളുടെയും അറ്റകുറ്റപ്പണികള്‍ നടന്നു വരികയാണെന്നും ഉടന്‍ തന്നെ തുറന്നു കൊടുക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!