Arakkulam

ലോറി തടഞ്ഞ് സംഘര്‍ഷം : 11 പേര്‍ റിമാന്റില്‍

അറക്കുളം: അനധികൃതമായി മണ്ണുമായെത്തിയ ലോറി തടഞ്ഞതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ റിമാന്റില്‍. മണ്ണുമായി എത്തിയ ലോറിയാണ് ശനിയാഴ്ച രാവിലെ അറക്കുളത്ത് ഒരു വിഭാഗം ആളുകള്‍ തടഞ്ഞത്. വിവരമറിഞ്ഞ് തൊടുപുഴ തഹസീല്‍ദാര്‍ എസ്.ബി ജി മോള്‍ കാഞ്ഞാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് അറക്കുളം സ്വദേശിയുടെ കരിങ്കല്‍ കയറ്റിയെത്തിയ ലോറി കാഞ്ഞാര്‍ സ്വദേശികള്‍ തടഞ്ഞിരുന്നു. ഇവര്‍ തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലെത്തുകയായിരുന്നു.

അഴകത്തേല്‍ അനീഷ്, ചക്കിയാനിക്കുന്നേല്‍ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘര്‍ഷം നടന്നത്. ഇരുവിഭാഗത്തില്‍ നിന്നുമായി 11 പേരെ കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.ആര്‍.സുനിലും സംഘവും കസ്റ്റഡിയിലെടുത്തു.ഇവര്‍ക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തു. ഷമീര്‍, അനീഷ്, അനില്‍, അമല്‍ബാബു, ജോളിന്‍സ്, റെജിമോന്‍, നാഫിസ് കലാം, ശരത്കുമാര്‍, ആരോമല്‍, മാഹിന്‍, സുനില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ അടിമാലി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കുറേ കാലങ്ങളായി കാഞ്ഞാര്‍, അറക്കുളം ഭാഗത്തുള്ള സംഘങ്ങള്‍ പരസ്പരം പരാതി നല്‍കുകയും വാഹനങ്ങള്‍ തടഞ്ഞ് ഇത് പോലീസിനു കൈമാറുന്നതും പതിവായിരുന്നു. ഇവര്‍ തമ്മിലുള്ള കയ്യേറ്റങ്ങള്‍ പലപ്പോഴും അതിരുവിടുകയും ചെയ്തിരുന്നു. ഇരു സംഘങ്ങള്‍ക്കും പോലീസിന്റെയും നേതാക്കളുടെയും സഹായമുള്ളതിനാല്‍ കേസെടുത്താലും പുറത്തിറങ്ങി വീണ്ടും ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഇവരുടെ 3 ടിപ്പര്‍ ലോറി ഉള്‍പ്പെടെ 5 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!