IdukkiLocal Live

പേരുമാറ്റത്തിനൊരുങ്ങി ഹൈറേഞ്ചിലെ കോളനികള്‍

തൊടുപുഴ : ഇടുക്കി കോളനി മുതല്‍ കൊലുമ്പന്‍ കോളനി വരെ… എണ്ണിയാല്‍ തീരാത്ത കോളനികളാണ് ഇടുക്കി ഹൈറേഞ്ചിലുള്ളത്. കോളനികള്‍ എന്ന പേര് ഇനി വേണ്ടെന്ന ഉത്തരവ് നടപ്പായാല്‍ രേഖകളില്‍ ഇടം പിടിച്ച കോളനികള്‍ക്ക് എല്ലാം പുതിയ പേരുകള്‍വരും. ഇടുക്കി ജില്ലയുടെ തുടക്കം തന്നെ ഇടുക്കി കോളനി പി.ഒ എന്ന പേരിലാണ്. 1965ലാണ് ഇടുക്കി കോളനി നിലവില്‍ വരുന്നത്. ഇടുക്കി ഡാമിന്റെ നിര്‍മ്മാണ ജോലികള്‍ക്ക് ജോലിക്കാരെ താമസിപ്പിക്കാന്‍ ഡാമിന്റെ കരാറുകാരായ ഹിന്ദുസ്ഥാന്‍ കമ്പനി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ജോലിക്കാരെ താമസിപ്പിച്ചു .പുതിയ പോസ്റ്റോഫീസും നിലവില്‍ വന്നു. ഇടുക്കി കോളനി പി.ഒ. 60 വര്‍ഷമായി രേഖകളിലെല്ലാം ഇടുക്കി കോളനി പി.ഒ ആണ്.

അതിനും മുമ്പ് നിലവില്‍ വന്ന പട്ടം കോളനിയാണ് കേരളത്തിലെ ആദ്യത്തെ കോളനിയായി അറിയപ്പെടുന്നത്. പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുറെ കുടുംബങ്ങളെ കുടിയിരുത്തി അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ത്ഥം ഇട്ട പേരാണ് പട്ടം കോളനി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മന്‍ ചാണ്ടി കോളനിയുടെ പേരു മഴു വടി എന്നായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായി മന്നാന്‍ സമുദായപ്പെട്ട കുറെപ്പേര്‍ക്ക് ഭൂമിയും വീടും നല്‍കി കുടിയിരുത്തി. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കരിമ്പന്‍ ജോസാണ് ഉമ്മന്‍ ചാണ്ടിയുടെ പേരു നിര്‍ദ്ദേശിച്ചത്. ഇടുക്കി ഡാമിന്റെ നിര്‍മ്മാണ കാലത്ത് കുടിയിറക്കി പകരം പാര്‍പ്പിച്ച സ്ഥലമാണ് കൊലുമ്പന്‍ കോളനി. അറിയപ്പെടുന്ന കോളനികള്‍ വേറെയുമുണ്ട്. മദര്‍ തെരേസകോളനി വിധവാക്കോളനി, ഗാന്ധിനഗര്‍ എന്നിങ്ങനെ നിരവധി കോളനികളുണ്ട്. കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിലായി മുപ്പതോളം ആദിവാസി കോളനികളുണ്ട്. വാഴത്തോപ്പില്‍ ലക്ഷം വീട് കോളനിയുണ്ട്. അതിപ്പോള്‍ അറിയപ്പെടുന്നതു ലക്ഷം കവല എന്നാണ്.

 

 

 

Related Articles

Back to top button
error: Content is protected !!