IdukkiLocal Live

ഭൂപതിവ് ഭേദഗതി : എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് ഒന്‍പതിന്

ഇടുക്കി: കേരള നിയമസഭാ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പ് വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ ജനങ്ങളുടെ വികാരമേറ്റെടുത്ത് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 9ന് മലയോര ജനത രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്‍,സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്,സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ കേരളാ കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ എന്നിവര്‍ തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1960 ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1964 ലെ ചട്ടങ്ങളിലും 93 ലെ ചട്ടങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നുള്ളത് ആറു പതിറ്റാണ്ടുകളായുള്ള മലയോര ജനതയുടെ ആവശ്യമാണ്. 2010 സെപ്റ്റംബറില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിയാണ് ജില്ലയില്‍ ഉള്‍പ്പെടെ പ്രശ്‌നം സങ്കീര്‍ണമാക്കിയത്. 2011 മുതല്‍ 2016 വരെ അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹൈക്കോടതി വിധി ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുവാന്‍ നടപടിയെടുത്തില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി മൂന്നാര്‍ മേഖലകളിലെ നിര്‍മാണങ്ങള്‍ക്ക് റവന്യൂ എന്‍ഒസി നിര്‍ബന്ധമാക്കി. മൂന്നാര്‍ മേഖലയില്‍ ഉള്‍പ്പെടേണ്ട വില്ലേജുകള്‍ ഏതൊക്കെയെന്ന് സംസ്ഥാന ഗവണ്മെന്റ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി നിരന്തരം കത്തിടപാടുകള്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മൗനം തുടരുകയായിരുന്നു. മുഖ്യമന്ത്രി കോടതിയില്‍ ഹാജരാകേണ്ടി വരുമെന്ന ഘട്ടത്തിലാണ് ആനവിലാസം ഉള്‍പ്പടെ 8 വില്ലേജുകളുടെ പട്ടിക യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്. ഇതോടെ നിര്‍മാണ മേഖല സ്തംഭിക്കുകയും 1964 ലെ ചട്ടം അനുസരിച്ച് കൊടുത്ത പട്ടയങ്ങളില്‍ വീട് വെയ്ക്കുന്നതിനൊഴികെ മറ്റു നിര്‍മാണങ്ങള്‍ക്ക് എന്‍ഒസി നല്‍കാനാവില്ലെന്നും കോടതി നിഷ്‌ക്കര്‍ഷിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍ കയറി ഇറങ്ങി കോടതി ഉത്തരവ് ജില്ലയിലും തുടര്‍ന്ന് സംസ്ഥാനമൊട്ടാകെയും ബാധകമാക്കി. ഈ സാഹചര്യത്തിലാണ് ചട്ട ഭേദഗതി വേണമെന്ന ആവശ്യം മലയോരത്ത് ശക്തമായത്. എല്‍ഡിഎഫ് നേതൃത്വം നിരന്തരം സംസ്ഥാന ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് നിയമ വിദഗ്ധരുമായി ആലോചിച്ച് നിയമസഭയില്‍ ഭേദഗതി നിയമം കൊണ്ടുവരുന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ ഭേദഗതി ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 3 മാസമായി ഈ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ അടയിരിക്കുകയാണ്. നിയമ ഭേദഗതിയില്‍ ഒപ്പ് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കര്‍ഷകരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. ജില്ലയിലെ കൃഷിക്കാരെ ഒറ്റുകൊടുക്കുന്ന കര്‍ഷക ദ്രോഹികളെ മലയോര ജനത തിരിച്ചറിയണം. ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെടുന്ന വിധ്വംസക സംഘടനകളും ഈ കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ആയിരങ്ങളെ അണിനിരത്തി രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സമര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജില്ലയിലെ 52 പഞ്ചായത്ത് കേന്ദ്രങ്ങളിലും 2 മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തുന്ന പ്രകടനങ്ങളും സമ്മേളനങ്ങളും 5,6,7 തീയതികളില്‍ നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ 9ന് രാവിലെ 9 മണിക്ക് റാന്നി മന്ദമാരുതിയില്‍ കേന്ദ്രീകരിക്കും. ഉച്ചകഴിഞ്ഞ് 2 മണിയോടെ പാളയത്ത് കേന്ദ്രീകരിച്ച് അവിടെ നിന്ന് രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് ചെയ്യും. രാജ്ഭവന്‍ മാര്‍ച്ചിനോട് അനുബന്ധമായി ചേരുന്ന പൊതു സമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ പ്രഭാഷണം നടത്തും. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ പി ജയരാജന്‍, ജോസ് കെ മാണി, പി സി ചാക്കോ, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം ജെ ജോസഫ്, വര്‍ഗീസ് ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ റോയ്, എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, ജനാതിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍, കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി പോള്‍സണ്‍ മാത്യൂ,ജില്ലാ പ്രസിഡന്റ് രതീഷ് അത്തിക്കുഴി,കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് സി കെ ജയകൃഷ്ണ്ന്‍,ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ജബ്ബാര്‍, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി എം അസീസ്,ആര്‍ജെഡി നേതാവ് എം എ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!