ChuttuvattomThodupuzha

പാവങ്ങള്‍ക്ക് കുടിക്കാന്‍ മലിന ജലം; വെള്ളമെത്തുന്നത് പുറപ്പുഴ പരുന്തന്‍പാറ തേക്കനാപരിപ്പ് ശുദ്ധജല പദ്ധതി വഴി

തൊടുപുഴ: പുറപ്പുഴ പഞ്ചായത്തില്‍ മലിന ജലം കുടിക്കാന്‍ വിധിക്കപ്പെട്ട് 140 കുടുംബങ്ങള്‍. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ പരുന്തന്‍പാറ – തേക്കനാപരിപ്പ് എന്നിവിടങ്ങളിലാണ് ദുര്‍ഗന്ധം വമിക്കുന്നതും ചെളി നിറത്തിലുള്ളതുമായ വെള്ളമെത്തുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ശുദ്ധജല വിതരണ സംഘത്തിന്റെ പൈപ്പുകള്‍ വഴി വിതരണം ചെയ്യുന്ന വെള്ളത്തിലാണ് മാലിന്യം. ഒന്നേകാല്‍ വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തിയ പൈപ്പ് മാറ്റിയിടലിന് ശേഷമാണ് ഈ അവസ്ഥയെന്ന് നാട്ടുകാര്‍ പറഞ്ഞു.

രോഗ ഭീതിയില്‍ ജനങ്ങള്‍

പുറപ്പുഴ പള്ളിത്താഴത്തെ കുളത്തില്‍ നിന്നും കണ്ണീര് പോലെ തെളിഞ്ഞ വെള്ളം പമ്പ് ചെയ്താല്‍ വീടുകളിലെത്തുന്നത് ചെളി നിറത്തിലും അസഹനീയമായ ദുര്‍ഗന്ധത്തോടെയുമാകും. കുളത്തില്‍ നിന്ന് പുറപ്പെട്ട് വീടുകളിലെ ടാപ്പുകളില്‍ എത്തുന്നതിനിടയ്ക്ക് വെള്ളത്തില്‍ കളറ് ചേര്‍ക്കാനായി വലിയ മറിമായമോ മാന്ത്രിക വിദ്യയോ ഒന്നും നടക്കുന്നില്ല. 21 വര്‍ഷമായി ശുദ്ധജലം വിതരണം ചെയ്തിരുന്ന പൈപ്പിനുള്ളില്‍ കൂടി അഴുക്ക് വെള്ളം എത്താന്‍ തുടങ്ങിയിട്ട് ഒന്നേകാല്‍ വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഈ വെള്ളം ഉപയോഗിച്ചാല്‍ മാരക രോഗങ്ങള്‍ പിടിപെടുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

വിജയകരമായ ജനകീയ പദ്ധതി

2002ലാണ് 140 കുടുംബങ്ങളെ ഉള്‍പ്പെടുത്തി ശുദ്ധജല വിതരണത്തിനായി സംഘം രൂപീകരിച്ച് കുളവും കുത്തി പൈപ്പ് ലൈനും സ്ഥാപിച്ച് പദ്ധതി നടപ്പാക്കിയത്. 700 മീറ്റര്‍ നീളത്തിലുള്ള പമ്പിങ് ലൈനില്‍ കൂടിയാണ് പരുന്തന്‍പാറയിലെ സംഭരണ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ നിന്നും 350 മീറ്റര്‍ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍, ഈസ്റ്റും വെസ്റ്റുമായുള്ള 3.900 കിലോമീറ്റര്‍ മെയിന്‍ ലൈന്‍, ഒരു കിലോമീറ്റര്‍ സബ് ലൈന്‍ എന്നിവ വഴി മലയോര മേഖലയിലെ വീടുകളില്‍ വെള്ളം എത്തിക്കും. ഓരോ ഉപഭോക്താവില്‍ നിന്നും ആദ്യത്തെ 8000 ലിറ്ററിന് 150 രൂപയും പിന്നീട് 5000 ലിറ്റര്‍ വരെ 1000 ന് 50 രൂപാ വച്ചും പിന്നെയുള്ള ഓരോ 1000 ലിറ്ററിനും 100 വീതവുമാണ് ഈടാക്കുന്നത്. ശുദ്ധജല വിതരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മണിക്കൂറുകള്‍ കഴിഞ്ഞാലും വെള്ളം തെളിയില്ല

ക്ലോറിനോ മറ്റ് ശുദ്ധീകരണ സംവിധാനങ്ങളോ ഉപയോഗിക്കാതെ 21 വര്‍ഷക്കാലം ശുദ്ധമായ തെളിഞ്ഞ വെള്ളം ലഭിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി ചെളി കലര്‍ന്ന വെള്ളമെത്തുന്നത്. വീട്ടുമുറ്റങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ടാപ്പ് തുറക്കുമ്പോള്‍ വരുന്നത് ചെളിവെള്ളമാണ്. ശേഖരിച്ച് വച്ച് മണിക്കൂറുകള്‍ കഴിഞ്ഞാലും വെള്ളം തെളിഞ്ഞ് വരില്ല. മറ്റ് വഴികളില്ലാത്തതിനാല്‍ ഈ ചെളിവെള്ളം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ഇവര്‍.

കുളത്തിലെ വെള്ളം ശുദ്ധവും തെളിഞ്ഞതും

കാലപ്പഴക്കം മൂലം പൈപ്പുകള്‍ പലയിടത്തും പൊട്ടിയതിനാല്‍ 2021-22 സാമ്പത്തിക വര്‍ഷം പൊതുഖജനാവില്‍ നിന്നുള്ള പന്ത്രണ്ട് ലക്ഷം രൂപാ മുടക്കി കുളത്തില്‍ നിന്നും ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പമ്പിങ് ലൈന്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന് ശേഷമാണ് പൈപ്പില്‍ കൂടി മലിന ജലം വരാന്‍ തുടങ്ങിയത്. നിലവാരം കുറഞ്ഞ പൈപ്പിനുള്ളില്‍ കൂടി വെള്ളം വരുമ്പോഴുണ്ടാകുന്ന രാസപ്രവര്‍ത്തനമാണ് ജലം മലിനമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു. കുളത്തിലെ വെള്ളം ശുദ്ധമാണെന്ന് വിവിധ വകുപ്പധികൃതര്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കലക്ടറില്‍ പ്രതീക്ഷ

പൈപ്പുകളില്‍ കൂടിയെത്തുന്ന ജലം ടാങ്കിലെത്തി നിറഞ്ഞൊഴുകിയത് മൂലം ടാങ്കും പരിസരവുമെല്ലാം വൃത്തിഹീനമായി കിടക്കുന്ന അവസ്ഥയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് കുടിവെള്ള പദ്ധതിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും. സ്വഭാവിക ജലസ്രോതസില്ലാത്ത പ്രദേശമാണിവിടം. മലയോര മേഖലയിലേക്ക് വഴി സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങളില്‍ ഇവിടേക്ക് വെള്ളം എത്തിക്കാനുമാവില്ല. പൈപ്പ് മാറ്റി സ്ഥാപിച്ചതിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം ശുദ്ധജലം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.

Related Articles

Back to top button
error: Content is protected !!