കോവിഡ് ബാധിച്ച ക്ഷീര കര്‍ഷകരുടെ പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ക്ഷീര സംഘം.


തൊടുപുഴ: കോവിഡ് ബാധിച്ച ക്ഷീര കര്‍ഷകരുടെ പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് തെക്കുംഭാഗം ക്ഷീര സംഘം മാതൃകയാകുന്നു. പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത സംഘം ആവശ്യമായ പുല്ല്, കാലിത്തീറ്റ എന്നിവ എത്തിച്ചു നല്‍കുകയും ചെയ്യുന്നു. ക്ഷീര സംഘം പ്രസിഡന്റ് ജിമ്മി പോളിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങളായ മനോജ്, ജിമ്മി സെബാസ്റ്റിയന്‍, വിന്‍സെന്റ് വര്‍ക്കി എന്നിവരും കര്‍ഷകരായ ജൂബി, ബെന്നി എന്നിവരും തൊഴുത്തില്‍ എത്തി രണ്ടു നേരം പശുക്കളെ കറന്നു സംഘത്തില്‍ പാല്‍ എത്തിക്കുന്നു. പശുക്കളെ ദിവസവും കുളിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത് അവധിയില്‍ നാട്ടിലെത്തിയിരിക്കുന്ന ഒരു മിലിട്ടറി ഉദ്യോഗസ്ഥനായ ദില്‍പ്രീത് ആണ്.
തെക്കുംഭാഗം ക്ഷീര സംഘം ഇതിനു മുന്‍പും ഇത്തരത്തില്‍ ക്ഷീര കര്‍ഷകരെ പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്ത് പിടിക്കുന്നതിനു കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. പാല്‍ സംഭരണ സമയം കൂടുതല്‍ അനുവദിച്ചു കോടിക്കുളം ബി.എം.സി സംഘവും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
