Thodupuzha

എല്‍.ഡി.എഫിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയുടെ വാടക ഗുണ്ടയായി പ്രവര്‍ത്തിക്കുന്നു: കെ.കെ.ശിവരാമന്‍

തൊടുപുഴ: എല്‍.ഡി.എഫിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയുടെ വാടക ഗുണ്ടയായി പ്രവര്‍ത്തിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. സി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബാനര്‍ ജാഥയുടെ ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികളിലടക്കം നിരവധി പാര്‍ട്ടികളില്‍ മാറിമാറി ചേര്‍ന്ന മുഹമ്മദ് ആരിഫ് ഖാന്‍ ഒടുവില്‍ ബി.ജെ.പിയുടെ കൂട്ട് കൂടി പദവിക്ക് നിരക്കാത്ത പ്രവര്‍ത്തികളാണ് ഗവര്‍ണറായിരിക്കെ നടത്തുന്നത്. വൈസ് ചാന്‍സിലര്‍മാരെ ഭീഷണിപ്പെടുത്തിയും പദവിയുടെ അന്തസിന് കളങ്കം വരുത്തുകയാണ്.

രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ കള്ളപണം ഒഴുക്കി അട്ടിമറിക്കുകയാണ് മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ് ബി.ജെ.പി വിലയ്‌ക്കെടുക്കുകയാണ്. കേരളത്തിലെ അതിവേഗ റെയില്‍ പാതയെ എതിര്‍ക്കുന്ന ബി.ജെ.പി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പാതകള്‍ നടപ്പാക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ ബി.ജെ.പിയും കോണ്‍ഗ്രസും അഴിച്ചുവിടുകയാണ്. സ്വര്‍ണ്ണ കടത്ത് നടത്തിയെന്ന വ്യാജ പ്രചരണം മുഖ്യമന്ത്രിക്കെതിരെ കെട്ടിച്ചമക്കുകയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തില്‍ ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ബി.ജെ.പി സഖ്യം നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് ശിവരാമന്‍ പറഞ്ഞു. സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍. പ്രമോദ്, മൂലമറ്റം മണ്ഡലം സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, ജാഥാ ക്യാപ്റ്റന്‍ കെ.സലിംകുമാര്‍, ജാഥാ ഡയറക്ടര്‍ ജോസ് ഫിലിപ്പ്, ജാഥാ അംഗങ്ങളായ പി.പി. ജോയി, മുഹമ്മദ് അഫ്സല്‍, ഗീതാ തുളസീധരന്‍ എന്നിവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!