IdukkiLocal Live

ഏലത്തോട്ടം ഉടമയെ ആക്രമിച്ച കേസിലെ സി.പി.എം. നേതാക്കള്‍ അറസ്റ്റില്‍

ഇടുക്കി: കജനാപ്പാറയില്‍ ഏലത്തോട്ടം ഉടമയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായ നാല് സി.പി.എം. നേതാക്കള്‍ അറസ്റ്റിലായി. കുറെ നാളുകളായി സി.പി.എം പ്രാദേശിക നേതാക്കളും എസ്റ്റേറ്റുടമയും തമ്മില്‍ വിവിധ കാരണങ്ങളാല്‍ സംഘര്‍ഷത്തിലായിരുന്നു. പരസ്പരം കുറ്റാരോപണം നടത്തി ഇരുകൂട്ടരും കോടതിക്കേസും പോലീസില്‍ പരാതിയുമായി നടക്കുകയായിരുന്നു. ഇതില്‍ ഒടുവിലത്തെ സംഭവത്തെത്തുടര്‍ന്നാണ് ഇപ്പോഴത്തെ അറസ്റ്റ് . തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ രാജന്‍ (63), ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ പേട്ട സ്വദേശി അനില്‍ (42) എന്നിവരെ ആക്രമിച്ച കേസിലാണ് ഇപ്പോഴത്തെ നടപടി. കേസിലെ പ്രതികളായ സി.പി.എം. കജനാപ്പാറ ലോക്കല്‍ സെക്രട്ടറി എസ്. മുരുകന്‍, സി.പി.എം നേതാവും രാജകുമാരി പഞ്ചായത്തംഗവുമായ .പി. രാജാ റാം, ഇളങ്കോവന്‍ , പാണ്ഡ്യന്‍ എന്നിവരാണ് കുറച്ച് ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞ ശേഷം രാജാക്കാട് പോലീസില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് പ്രതികളുടെ കീഴടങ്ങല്‍.
തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സി.ഐ.ടി.യു. യൂണിയന്‍ അനിശ്ചിത കാല സമരം നടത്തുന്ന കജനാപാറയിലെ ഏലത്തോട്ടത്തിന്റെ ഉടമയാണ് ആക്രമണത്തില്‍ പരുക്കേറ്റ രാജന്‍. ഇപ്പോള്‍ അറസ്റ്റിലായ എസ്. മുരുകന്‍, പി. രാജാറാം, ഇളങ്കോവന്‍ എന്നിവര്‍ ഏലത്തോട്ടത്തില്‍ പ്രവേശിക്കരുതെന്നും തോട്ടത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ 23ന് അറസ്റ്റിലായ പ്രതികളും കണ്ടാലറിയുന്ന എട്ട് പേരും ചേര്‍ന്ന് തോട്ടത്തിനകത്തു കയറി തോട്ടമുടമയേയും ഡ്രൈവറെയും ആക്രമിച്ചത്.

 

Related Articles

Back to top button
error: Content is protected !!