IdukkiLocal Live

വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്ത് സിപിഎം; വീട് പൂര്‍ത്തിയാക്കാനും സഹായം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശികയായ ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് നടപടി.

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കുടുംബത്തിന് ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തി 2019 ല്‍ ബാങ്ക് വായ്പയെടുത്തിരുന്നു. പീരുമേട് താലൂക്ക് സഹകരണ കാര്‍ഷിക – ഗ്രാമ വികസന ബാങ്കില്‍ നിന്നാണ് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനാണ് ലോണെടുത്തത്. അച്ഛനമ്മമാരില്ലാത്ത കുട്ടിയെ ഇവരാണ് സംരക്ഷിച്ചിരുന്നത്. ആറു വയസ്സുകാരിയുടെ മരണത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതോടെ കടം 7,39,000 രൂപയായി. ഈ തുക സിപിഎം ഇടുക്കി ജില്ല കമ്മറ്റി അടക്കും.

സ്വന്തം സ്ഥലത്ത് തുടങ്ങിയ വീടുപണിയും പാതി വഴിയിലാണ്. മകളുടെ ആഗ്രഹപ്രകാരം നിര്‍മ്മിച്ച മുറിയുടെ അടുത്ത് മുറ്റത്താണ് കുട്ടിയെ അടക്കിയിരിക്കുന്നത്. വീട് പൂര്‍ത്തിയാക്കണമെങ്കില്‍ നാലു ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിന് ആവശ്യമായ സഹായം നല്‍കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം വീടിന്റെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിപിഐ പീരുമേട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചു. മകള്‍ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്ന വീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലായിരുന്ന മാതാപിതാക്കള്‍ക്ക് ഇത് വലിയ ആശ്വാസമായിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!