Thodupuzha

യുവാവിന് കുത്തേറ്റ കേസ്: പ്രതി റിമാന്‍ഡില്‍

 

തൊടുപുഴ: നഗരത്തില്‍ രാത്രി സാമൂഹ്യവിരുദ്ധര്‍ തന്പടിക്കുന്ന ടൗണ്‍ ഹാള്‍ കെട്ടിടത്തില്‍ യുവാവിനു കുത്തേറ്റ സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെരിങ്ങാശേരി പാറച്ചിരപ്പാല്‍ രഞ്ജീഷ് രാജുവിനെ(34) കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ അടിമാലി ഇരുന്പുപാലം സ്വദേശി റഷിയെന്നു വിളിക്കുന്ന ബിബിനെ (32)യാണ് റിമാന്‍ഡ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച രഞ്ജീഷ് രാജു അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് ലഹരി ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇയാള്‍ക്ക് കുത്തേറ്റത്. കന്പി പോലെയുള്ള ആയുധമാണ് പ്രതി കുത്താനുപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. രഞ്ജീഷിനെ കുത്തിയശേഷം ബിബിന്‍ ചാഴികാട്ട് ആശുപത്രി പരിസരത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരോട് ഒരാളെ കുത്തിയതായി അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാരാണ് വിവരം പോലീസിനെ അറിയിച്ചതും കുത്തേറ്റ നിലയില്‍ കണ്ടെത്തിയ രഞ്ജീഷിനെ ആശുപത്രിയില്‍ എത്തിച്ചതും.
ഇതിനിടെ വീണ്ടും ഇവിടെ അക്രമം നടന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. ഏതാനും ദിവസം മുന്പ് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ത്രീയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു.

 

Related Articles

Back to top button
error: Content is protected !!