IdukkiLocal Live

വേനലവധി ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക്

തൊടുപുഴ : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു തുടങ്ങി. മധ്യവേനല്‍ അവധി ആരംഭിച്ചെങ്കിലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുറവായിരുന്നു.റമദാനും തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ സഞ്ചാരികളുടെ എണ്ണം കൂടിവരുന്നതായി അധികൃതര്‍ പറഞ്ഞു. ജില്ലയിലേക്ക് ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്ന മാസങ്ങളാണ് ഏപ്രിലും മേയും. വിദ്യാലയങ്ങള്‍ അടച്ച് മധ്യവേനല്‍ അവധി ആരംഭിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് മുന്‍കാലങ്ങളില്‍ ആശാവഹമായിരുന്നു. എന്നാല്‍, ഈ വേനലവധി തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും സഞ്ചാരികളുടെ തിരക്ക് മൂന്നാര്‍ മേഖലയില്‍ സജീവമായിട്ടില്ല. ഇരവികുളം ദേശീയോദ്യാനം ഒരാഴ്ച മുമ്പ് തുറന്നിരുന്നു. വരുംദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്കേറുമെന്നാണ് കരുതുന്നത്. ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതും പ്രതീക്ഷയാണ്.

പ്രതികൂലമായ കാലാവസ്ഥയും വന്യജീവി ശല്യവും ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. മുന്‍കാലങ്ങളിലെപ്പോലെ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നത് കുറഞ്ഞത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാവിലെ എത്തി വൈകീട്ട് തിരിച്ചുപോകാന്‍ ശ്രമിക്കുന്നവരാണ് കൂടുതല്‍ സഞ്ചാരികളും. കുടുംബമായി എത്തുന്നവരാണ് അന്നുതന്നെ തിരികെപ്പോകുന്നതില്‍ കൂടുതല്‍. ടൂറിസം മേഖലകളില്‍ വന്യജീവി ശല്യം കൂടുതലാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ ഭയപ്പാടോടെയാണ് ജില്ലയില്‍ എത്തുന്നത്. ടൂറിസം മേഖലകളില്‍ പകല്‍പോലും വന്യജീവികള്‍ എത്തുന്നത് നിയന്ത്രിക്കാന്‍ വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ സംരംഭകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ മൂന്നാര്‍, തേക്കടി, വാഗമണ്‍ മേഖലയിലൊക്കെ സന്ധ്യയാകുന്നതോടെ ചെറിയ തണുപ്പ് അനുഭവപ്പെടുന്നത് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

ഇടുക്കി ഡാം : സന്ദര്‍ശകര്‍ കൂടി; ദിവസം 800 പേര്‍ക്കാണ് പ്രവേശനം

ചെറുതോണി: കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഇടുക്കി- ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികളുടെ തിരക്ക്.
ദിവസം 800 പേര്‍ക്കാണ് പ്രവേശനാനുമതി. മുതിര്‍ന്നവര്‍ക്ക് 150 രൂപയും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. ഡാമുകള്‍ക്ക് മുകളിലൂടെ കാല്‍നട അനുവദിക്കില്ല. ഒരു സമയം 12 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബഗി കാര്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ ടൂറിസം കൗണ്ടറിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡിലുള്ള ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേണം സന്ദര്‍ശകര്‍ ടിക്കറ്റുകള്‍ ഉറപ്പുവരുത്താന്‍. ഓണ്‍ലൈന്‍ ബുക്കിംഗ് സമ്പ്രദായം മാത്രമാണ് നിലവിലുള്ളത്. ഡാം സന്ദര്‍ശിക്കാന്‍ അതിരാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്. സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ചിട്ടുള്ളതിനാല്‍ ഡാം കാണാനാകാതെ നിരാശരായി മടങ്ങുന്നവര്‍ നിരവധിയാണ്. സുരക്ഷാകാരണങ്ങളാല്‍ ആറ് മാസമായി സന്ദര്‍ശനം അനുവദിച്ചിരുന്നില്ല. അണക്കെട്ടില്‍ സന്ദര്‍ശനം അനുവദിച്ചതോടെ ജില്ല ആസ്ഥാന മേഖലയിലെ വ്യാപാര രംഗത്ത് ഉണര്‍വ് ഉണ്ടായിട്ടുണ്ട്. മേയ് 31 വരെ സഞ്ചാരികള്‍ക്ക് ഡാം സന്ദര്‍ശിക്കാം.

തേക്കടിയില്‍ തിരക്കേറി

കുമളി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ കേരളത്തില്‍ അവസാനിച്ചതോടെ തേക്കടിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. കേരളത്തിനു പുറമെ തമിഴ്‌നാട്ടില്‍നിന്നുള്ള വിനോദസഞ്ചാരികളും ധാരാളമായി വന്നതോടെയാണ് തേക്കടിയില്‍ തിരക്ക് വര്‍ധിച്ചത്. മധ്യവേനല്‍ അവധിക്കാലം തെരഞ്ഞെടുപ്പിന്റെ തിരക്കിലായതോടെ പല കുടുംബങ്ങള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ തിരക്ക് അവസാനിച്ചതോടെയാണ് വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കായത്.വേനല്‍ച്ചൂടില്‍നിന്ന് ആശ്വാസംതേടി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടത്തെ പതിവില്ലാത്ത ചൂട് കാലാവസ്ഥ ചെറിയതോതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സഞ്ചാരികള്‍ തേക്കടിയിലെത്തി ബോട്ട് യാത്രക്ക് ശേഷമാണ് തമിഴ്‌നാട്ടിലേക്കും മൂന്നാറിലേക്കും പോകുന്നത്. ബോട്ട് സവാരിക്കിടെ തീരങ്ങളില്‍ ആന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയവയും അപൂര്‍വമായി കടുവയെയും പുലിയെയും കാണാനാകുന്നത് സഞ്ചാരികളെ സന്തോഷിപ്പിക്കുന്നുണ്ട്. പക്ഷിനിരീക്ഷകര്‍, വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കും ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധ്യതയേറിയതിനാല്‍ മേഖലയിലുള്ള നിരവധി സംഘങ്ങളും തേക്കടിയും പെരിയാര്‍ വനമേഖലയും തേടിയെത്തുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!