IdukkiLocal Live

ഇടുക്കി മെഡിക്കല്‍ കോളേജില്‍ രാപ്പകല്‍ സമരം തുടരുന്നു

ഇടുക്കി : ഇടുക്കി മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്താനാവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ഇന്നലെയും തുടര്‍ന്നു. സമരം പരിഹരിക്കുന്നതിന് ഇതുവരെയും ബന്ധപ്പെട്ടവര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. സമരത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പിറ്റിഎ പൂര്‍ണ പിന്‍തുണ നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു. ആദ്യ പടിയായി തൃശൂര്‍ ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കും, ഐഎംഎക്കും പിറ്റിഎ നിവേദനം നല്‍കി. രണ്ടാം ഘട്ടമായി മുഖ്യ മന്ത്രിയേയും, ആരോഗ്യവകുപ്പ് മന്ത്രിയേയും നേരില്‍ കണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി സംബന്ധിച്ച് നിവേദനം നല്‍കും. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള മെഡിക്കല്‍ പേരന്റ് അസോസിയേഷന്റെ പിന്‍തുണ തേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതിലൂടെയും പരിഹാരമായില്ലെങ്കില്‍ തുല്യനീതിക്കുവേണ്ടി കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായി ലാബ്, ഓപ്പറേഷന്‍ തീയറ്റര്‍, പഠന ക്ലാസ്, എന്നിവയെങ്കിലും അനുവദിക്കാതെ സമരമവസാനിപ്പിക്കുകയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഹോസ്റ്റല്‍ സൗകര്യം, കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം ഇതൊന്നും നിലവിലില്ല. ലാബ് തുടങ്ങുന്നതിന് അനുവദിച്ച മൂന്നുകോടി 40 ലക്ഷം രൂപ അധികൃതരുടെ വീഴ്ചമൂലം നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോള്‍ ജോണ്‍ ബ്രിട്ടാസ് എംപി അനുവദിച്ച തുകയുപയോഗിച്ച് ലാബിന്റെ നിര്‍മ്മാണമാരംഭിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ പരിധിയിലുള്ള കോന്നി മെഡിക്കല്‍ കോളേജില്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കിയപ്പോള്‍ ഇടുക്കിയെ അവഗണിക്കുകയായിരുന്നുവെന്ന് പിറ്റിഎ ഭാരവാഹികളാരോപിച്ചു. മെഡിക്കല്‍ കോളേജിലേക്കും, ഹോസ്റ്റലുകളിലേക്കും, അക്കാദമിക് ബ്ലോക്കുകളിലേക്കുമുള്ള വഴികള്‍ തകര്‍ന്നു കിടക്കുകയാണെന്നും, പരിസരം കാടുമൂടി കിടക്കുകയാണെന്നും, കുട്ടികളുടെ സുരക്ഷിതത്വത്തിന് സെക്യൂരിറ്റിയെ നിയമിക്കുമെന്ന മന്ത്രിയുടെ ഉറപ്പും പാലിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കില്‍ നീതിക്കുവേണ്ടി കോടതിയെ സമീപിക്കുമെന്ന് പിറ്റിഎ ഭാരവാഹികളും, സമരം തുടരുമെന്ന് ചെയര്‍പേഴ്സണ്‍ റോഷ്നിയും പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!