Thodupuzha

ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്ഥാവന നിയമവാഴ്ച്ചയോടുള്ള വെല്ലുവിളി: കെ.കെ ശിവരാമന്‍

 

തൊടുപുഴ: പരിചയസമ്പന്നരായ വേട്ടക്കാരെ കൊണ്ടുവന്ന് കാട്ടാനകളെ വെടിവെച്ചു കൊല്ലും എന്ന ഡി.സി.സി പ്രസിഡന്റ് സി.പി മാത്യൂവിന്റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് എന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന്‍ പറഞ്ഞു.
വന്യമൃഗശല്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ്മന്ത്രി വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുക്കുകയും അവിടെ എടുത്ത തീരുമാനങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്ത ആളാണ് ഡി.സി.സി പ്രസിഡന്റ് .എന്നാല്‍ ഇപ്പോള്‍ നടത്തിയ പ്രസ്ഥാവന
കൈയടിക്ക് വേണ്ടിയിട്ട് ആണെങ്കിലും തനിക്ക് തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും
വേട്ടക്കാരെ നേരിട്ട് അറിയാമെന്നും അവരെ കൊണ്ടുവന്ന് കാട്ടാനകളെ വെടിവെച്ചു കൊല്ലും എന്നുമാണ് സി.പി മാത്യു പറഞ്ഞത്. വനം കൊള്ളക്കാരും ആനവേട്ടകാരുമായുള്ള സി പി മാത്യുവിന്റെ ബന്ധത്തെ കുറിച്ചും അന്വേഷണം ആവശ്യമായ സാഹചര്യം ആണ്. വന്യമൃഗ ശല്യം
പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. അതിനായി വിദഗ്ധ സംഘത്തെ ഇടുക്കിയില്‍ എത്തിക്കുകയും ചെയ്തു.ചിന്നക്കനാല്‍ മേഖലയിലെ ആക്രമണകാരികളായ ആനകളെക്കുറിച്ച് പഠിച്ച് ഇവയെ മയക്കുവെടിവെച്ച് തുരത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് ഭരണകാലത്തും കാട്ടാനക്കൂട്ടം കൃഷിഭൂമിയിലേക്ക് ഇറങ്ങുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും മനുഷ്യരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .അന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇടുക്കിയിലെ ഭൂ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം മുന്നില്‍നിന്ന് എല്‍ഡിഎഫ് ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
വന്യമൃഗ ആക്രമണങ്ങള്‍ ജില്ലയില്‍ ഉണ്ടായപ്പോള്‍ വനം വകുപ്പ് മന്ത്രി ഇടുക്കിയില്‍ എത്തുകയും
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും പ്രശ്‌നം പരിഹാരം കാണുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സര്‍ക്കാരാണ് എല്‍.ഡി.എഫ് എന്നും ശിവരാമന്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!